അമ്മയില്‍ നിന്ന് വിധി വേര്‍പ്പെടുത്തിയ തന്റെ സഹോദരനെ 76 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടി സഹോദരി.
ഇന്ത്യക്കാരനായ തന്റെ സഹോദരനെ കണ്ടുമുട്ടിയപ്പോള്‍ സക്കീന ബി എന്ന 74 നാലുകാരിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.
ഇന്ത്യ-പാക് വിഭജനകാലത്ത് നഷ്ടപ്പെട്ടതാണ് അവര്‍ക്ക് തന്റെ സഹോദരനെ. നീണ്ട 76 വര്‍ഷങ്ങള്‍ക്ക് ശേഷം സക്കീന ബി ആദ്യമായി തന്റെ സഹോദരനെ കാണുന്ന വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് ഞായറാഴ്ച വൈകുന്നേരും കര്‍ത്താര്‍പൂര്‍ ഇടനാഴി സാക്ഷ്യം വഹിച്ചത്.
പാകിസ്താനിലെ ഷെയ്ഖുപുര പ്രവിശ്യയിലെ ഗുര്‍ദാസ് ഗ്രാമത്തിലാണ് സക്കീന ബി താമസിക്കുന്നത്.
തന്റെ സഹോദരന് ഗുര്‍മെയ്ല്‍ സിങ് ഗ്രെവാളിനെ കണ്ടെത്താനുള്ള അവരുടെ ജീവിതകാലം മുഴുവന്‍ നീണ്ട പ്രയത്നമാണ് ഞായറാഴ്ച സഫലീകരിച്ചത്.
ഇവരുടെ അമ്മയ്ക്ക് ഗുര്‍മെയ്ല്‍ സിങ് 1961-ല്‍ ഒരു കത്ത് എഴുതിയിരുന്നു. ഇതിനുശേഷമാണ് സക്കീന ബി സഹോദരനെ തിരഞ്ഞ് അന്വേഷണം തുടങ്ങിയത്.
നാസിര്‍ ധില്ലന് എന്ന പാക്കിസ്ഥാനി യൂട്യൂബറുടെ ശ്രമഫലമായാണ് സക്കീന ബിക്ക് തന്റെ സഹോദരനെ കണ്ടെത്താന്‍ കഴിഞ്ഞത്.
ഇന്ത്യ-പാക് വിഭജനകാലത്ത് വേര്പിരിഞ്ഞവരുടെ സംഗമം സാധ്യമാക്കുന്ന പഞ്ചാബി ലഹോര്‍ പദ്ധതിയിലൂടെ സക്കീന ബിയും ഗുര്‍മെയ്ല്‍ സിംഗും കണ്ടുമുട്ടുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം തന്റെ സഹോദരനെ അന്വേഷിക്കുന്ന സക്കീനയുടെ ഒരു വീഡിയോ ധില്ലന് യൂട്യൂബില്‍ പങ്കുവെച്ചിരുന്നു.
ഇത് പഞ്ചാബിലെ ലുധിയാനയിലുള്ള ജാസ്സോവാള് സുഡാന് ഗ്രാമത്തിലെ ഗ്രാമത്തലവനായ ജഗ്ദാര്‍ സിംഗിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഗുര്‍മെയ്ല്‍ സിംഗ് തന്റെ ഗ്രാമത്തിലുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
ഇന്ത്യ-പാക് വിഭജനകാലത്ത് സക്കീനയുടെ കുടുംബം പാക്കിസ്ഥാനിലേക്ക് കുടിയേറുന്നതിനിടയില്‍ സക്കീനയുടെ അമ്മ കര്മാത ബിയെ ലുധിയാനയിലുള്ള നുര്‍പുര്‍ ഗ്രാമത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു.
പിരിഞ്ഞ കുടുംബാംഗങ്ങളെ കണ്ടെത്താനും ഒന്നിപ്പിക്കാനും പിന്നീട് രണ്ട് സര്‍ക്കാരുകളും തമ്മില്‍ ധാരണയായി.
തന്റെ അമ്മയെ ഇന്ത്യയില്‍ നിന്ന് പോലീസ് പാക്കിസ്ഥാനിലെത്തിച്ച കഥയും സക്കീന ഓര്‍ത്തെടുക്കുന്നു.
പോലീസ് അമ്മയെ കൂട്ടാനെത്തിയപ്പോള്‍ തന്റെ മകനായ ഗുര്‍മെയ്ല്‍ കളിക്കാന്‍ പോയതാണെന്ന് അവരെ അറിയിച്ചെങ്കിലും പോലീസ് കുട്ടിയെ ഉപേക്ഷിച്ച് അമ്മയുമായി പാക്കിസ്ഥാനിലേക്ക് പോവുകയായിരുന്നു.
ഇതിന് രണ്ട് വര്‍ഷത്തിന് ശേഷമാണ് സക്കീന ജനിച്ചത്. തുടര്‍ന്ന് ഈ കഥ സക്കീനയുടെ പിതാവ് അവരോട് പറഞ്ഞു. തന്റെ സഹോദരന്റെ ഫോട്ടോയും അമ്മയ്ക്ക് ഗുര്‍മെയ്ല്‍ അയച്ച കത്തും സക്കീന കയ്യില്‍ സൂക്ഷിച്ചുവെച്ചു.
തന്റെ സഹോദരിയെ കണ്ടുമുട്ടിയ നിമിഷം ഗുര്മെയിലിന് സന്തോഷം കൊണ്ട് ഒന്നും സംസാരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഗുര്മെയിലിനെ സക്കീന ഇറുകെ കെട്ടിപ്പിടിച്ചു.
തന്റെ ഗ്രാമത്തില്‍ തയ്യാറാക്കുന്ന പ്രത്യേകതരം ബിസ്കറ്റ് ഗുര്‍മെയില്‍ തന്റെ സഹോദരിക്കായി കൈയ്യില്‍ കരുതിയിരുന്നു.
സക്കീന ഒരു വാച്ചും വെള്ളിയില്‍ തീര്‍ത്ത രാഖിയും സഹോദരന് സമ്മാനിച്ചു. തന്റെ മക്കള്‍, മരുമക്കള്‍, പേരക്കുട്ടികള്‍ എന്നിവരടങ്ങുന്ന 16 അംഗങ്ങള്‍ക്കൊപ്പമാണ് സക്കീന കര്‍ത്താര്‍പുര്‍ ഇടനാഴിയില്‍ തന്റെ സഹോദരനെ കാണാന്‍ എത്തിയത്.