കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പോലീസിന്റെ അന്വേഷണ റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡ് തീരുമാനത്തിന് പിന്നിൽ അട്ടിമറിയുണ്ടെന്ന് പോലീസ്.
മെഡിക്കൽ ബോർഡ് നടപടികളിലെ ഗൂഢാലോചന അന്വേഷിച്ചു പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഹർഷിനയും ഇന്നു സിറ്റി പോലീസ്ലീസ് കമ്മീഷണർക്ക് പരാതി നൽകും.
മെഡിക്കൽ ബോർഡിലെ പ്രധാന അംഗമായി പരിഗണിച്ച സീനിയർ ഡോക്ടറെ മാറ്റി അവസാന നിമിഷം ജൂണിയർ കൺസൽട്ടന്റിനെ നിയമിച്ചത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് സംശയം.
ആവശ്യമെങ്കിൽ കേസ് അന്വേഷണത്തിന്റെ ഭാഗമായി ബോർഡിലുണ്ടായിരുന്ന റേഡിയോളജിസ്റ്റിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തും.
മെഡിക്കൽ കോളജിനു മുന്നിൽ 81 ദിവസം പിന്നിട്ട സമരം കൂടുതൽ ശക്തമാക്കാനാണ് സമര സമിതി തീരുമാനം.പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണെന്ന റിപ്പോർട്ടാണ് പോലീസ് നൽകിയത്.
എന്നാൽ ഇത് തള്ളുകയായിരുന്നു മെഡിക്കൽ ബോർഡ്. ഇതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ഹർഷിന രംഗത്തെത്തിയിരുന്നു.
ഡിഎംഒയുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ഹർഷിനയെ പോലീസ് ബലം പ്രയോഗിച്ച് നീക്കിയിരുന്നു.