ആലുവ: ആഫ്രിക്കയിലെ സ്വർണഖനി പണമിടപാട് സംബന്ധിച്ച തർക്കത്തെ തുടർന്ന് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചു.
ആലുവ കുട്ടമശേരി സ്വദേശി ബിലാലിനെയാണ് മൂന്നംഗ സംഘം വീട്ടിൽനിന്ന് തട്ടിക്കൊണ്ട് പോയി ആലപ്പുഴയിൽ ഉപേക്ഷിച്ചത്.
തട്ടിക്കൊണ്ടുപോയ കാറും മൂന്ന് പ്രതികളേയും ആലപ്പുഴ പോലീസ് ആലുവ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. കാലിന് പരിക്കേറ്റ ബിലാലിനെ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികളായ ആലുവ മുപ്പത്തടം അബ്ദുൾ മുഹാദ്, കിരൺ, ദേശം സ്വദേശി പ്രസാദ് എന്നിവരാണ് ആലപ്പുഴയിൽ പോലീസിന്റെ പിടിയിലായത്.
ആലുവ തോട്ടക്കാട്ടുകര സ്വദേശി എഡ്വിൻ ജോൺസൺ, കമൽ എന്നിവർക്കായാണ് പ്രതികൾ യുവാവിനെ രാത്രി തട്ടിക്കൊണ്ടുപോയത്.
പോലീസ് പിന്തുടരുന്നുണ്ടെന്ന സംശയത്തിൽ ആലപ്പുഴ വെള്ളക്കിണർ മേഖലയിൽ ബിലാലിനെ ഉപേക്ഷിക്കുകയായിരുന്നു. വാഹനം അരൂരിൽ വച്ചാണ് പിടികൂടിയത്. പിന്നിട് ആലുവ പോലീസിന് കൈമാറുകയായിരുന്നു.
ബിലാലിന്റെ പിതാവ് അഷറഫ് ആഫ്രിക്കയിൽ രണ്ട് വർഷം മുന്പ് 10 കോടി രൂപ നിക്ഷേപിച്ച് സ്വർണഖനി സ്വന്തമാക്കിയിട്ടുണ്ട്.
വീണ്ടും തുക ആവശ്യം വന്നപ്പോൾ എഡ്വിൻ ജോൺസൺ, കമൽ എന്നിവരിൽനിന്ന് ഒരു കോടി 14 ലക്ഷം രൂപ നിക്ഷേപം സ്വീകരിക്കുകയായിരുന്നു.
പക്ഷേ ലാഭവിഹിതമോ തുകയോ തിരിച്ച് നൽകിയില്ല. ഇതിന്റെ വൈരാഗ്യത്തിൽ മകനായ ബിലാലിനെ തട്ടിക്കൊണ്ടുപോയതായാണ് സൂചന.