ഇന്ത്യ മുഴുവൻ ആരാധകരുള്ള തെന്നിന്ത്യൻ നായികയാണ് മലയാളിയായ നയൻതാര. മലയാള സിനിമയിലൂടെ ബിഗ് സ്ക്രീനിൽ എത്തിയ നയൻതാര ഏറ്റവും കൂടുതൽ തിളങ്ങിയത് തമിഴകത്താണ്.
സിനിമയിൽ ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ നയൻതാര, കരിയറിൽ സ്വന്തമാക്കിയ നേട്ടങ്ങൾ ചെറുതൊന്നുമല്ല. തെന്നിന്ത്യയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി, ബോക്സ് ഓഫീസ് താരമൂല്യമുള്ള നായിക, ലേഡി സൂപ്പർ സ്റ്റാർ എന്നിങ്ങനെ നയൻതാരയ്ക്ക് തമിഴ് സിനിമ ലോകത്തുള്ള ഖ്യാതികൾ നിരവധിയാണ്.
കരിയറിന്റെ തുടക്ക കാലത്ത് തമിഴ് സിനിമകളിൽനിന്ന് ഒഴിവാക്കപ്പെടുന്ന സാഹചര്യമടക്കം ഉണ്ടായി. എന്നാൽ അതിനെയെല്ലാം മറികടന്ന് വിജയം കൊയ്യുകയായിരുന്നു താരം.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന സിനിമയിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നയൻതാര ശരത്കുമാർ നായകനായ അയ്യ എന്ന സിനിമയിലൂടെയാണ് തമിഴിൽ എത്തുന്നത്. ഇതിനു പിന്നാലെ മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖിയിലും അഭിനയിച്ചു.
രജനികാന്തും പ്രഭുവും പ്രധാന കഥാപാത്രങ്ങളായ ചിത്രം വലിയ ഹിറ്റായിരുന്നു. ചെറിയ വേഷങ്ങൾ ആയിരുന്നെങ്കിലും രണ്ടു സിനിമയിലും ശ്രദ്ധനേടാൻ നയൻസിന് സാധിച്ചു.
പിന്നാലെ നയൻസിനു ലഭിച്ച ചിത്രമായിരുന്നു തൊട്ടി ജയ. ചിമ്പുവിനെ നായകനാക്കി ദുരൈ സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്. തമിഴിൽ രണ്ടു സിനിമകൾ ചെയ്തു നിൽക്കുന്ന നയൻതാരയെ ചിത്രത്തിന്റെ ഒഡിഷനിലേക്കാണ് വിളിച്ചത്.
ഓഡിഷന് ശേഷം അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് സംവിധായകൻ താരത്തെ ചിത്രത്തിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതറിഞ്ഞ് ചിത്രത്തിന്റെ നിർമാതാവ് കലൈപുലി താണു സംവിധായകനോട് കാര്യം തിരക്കി.
എന്തുകൊണ്ടാണ് നയൻതാരയെ ഒഴിവാക്കിയത്? അവർ അഭിനയിച്ച അയ്യ എന്ന ചിത്രം വലിയ വിജയമാണ്. രജനികാന്തിനൊപ്പം അഭിനയിക്കാനുള്ള അവസരവും അവർക്ക് ലഭിച്ചു.
നിങ്ങൾ വിചാരിക്കുന്നതുപോലെയല്ല, നയൻതാര തമിഴ് സിനിമയിലെ പ്രധാന നായികമാരിൽ ഒരാളാകും എന്നെല്ലാം നിർമാതാവ് സംവിധായകനോട് പറഞ്ഞു നോക്കി.
എന്നാൽ, സംവിധായകൻ ദുരൈ ഇതൊന്നും കേൾക്കാൻ തയാറായിരുന്നില്ല. അദ്ദേഹം നയൻതാരയ്ക്ക് പകരം മറ്റൊരു മലയാള നടിയായ ഗോപികയെ സിനിമയിൽ നായികയാക്കുകയാണ് ചെയ്തത്. ഈ സംഭവം ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്.
അത്തരമൊരു അപമാനം നേരിട്ട നയൻതാര തൊട്ടടുത്ത വർഷംതന്നെ ഗജിനി അടക്കമുള്ള സിനിമകളുടെ ഭാഗമായി തമിഴിൽ തന്റേതായ ഇടം കണ്ടെത്തുകയും ചെയ്തു. നിർമാതാവ് പ്രവചിച്ച പോലെ തമിഴ് സിനിമയിലെ മുൻനിരയിലേക്ക് വളർന്നു ലേഡി സൂപ്പർ സ്റ്റാറായി മാറി.