ഏകദേശം 150 വർഷം മുമ്പ് പുരാവസ്തു ഗവേഷകർക്ക് സ്വിറ്റ്സർലൻഡിൽനിന്ന് ചെറിയൊരു അസ്ത്രമുന ലഭിച്ചു. ഒന്നരനൂറ്റാണ്ട് പിന്നിട്ടിട്ടും ആ അസ്ത്രമുനയുമായി ബന്ധപ്പെട്ടുള്ള പഠനങ്ങൾ ഇപ്പോഴും നടന്നുവരികയാണ്.
ആർക്കിയോളജിക്കൽ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനമനുസരിച്ച്, ബിസി 900നും 800നും ഇടയിൽ നിർമിച്ച അന്പ് ഉൽക്കാശിലയിൽനിന്നുള്ള ഇരുമ്പുകൊണ്ടു നിർമിച്ചതാണെന്ന് ഗവേഷണലേഖനത്തിൽ പറയുന്നു.
1873-1874ലാണ് സ്വിറ്റ്സർലൻഡിലെ മൊറിഗനിലെ ബീൽ തടാകത്തിനു സമീപത്തു പുരാവസ്തു ഗവേഷകർക്ക് ഈ അമ്പടയാളം ലഭിക്കുന്നത്. പിന്നീട്, സ്വിറ്റ്സർലൻഡിലെ ബേൺ ഹിസ്റ്റോറിക്കൽ മ്യൂസിയത്തിലേക്ക് ഇതു മാറ്റുകയായിരുന്നു.
മധ്യ, പടിഞ്ഞാറൻ യൂറോപ്പിൽ ഉൽക്കാശിലയിൽനിന്നുള്ള ഇത്തരം പുരാവസ്തുക്കളുടെ കണ്ടെത്തലുകൾ വിരളമായിട്ടാണെങ്കിലും നടന്നിട്ടുണ്ട്.
ഈ പ്രദേശങ്ങളിൽ ബിസി 800 കാലഘട്ടത്തിൽ ഉൽക്കാ ഇരുമ്പ് വ്യാപാരം നടന്നിരുന്നുവെന്ന് ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്കു പ്രവേശിക്കുന്ന വസ്തുക്കളാണ് ഉൽക്കകൾ. നാസയുടെ കണക്കനുസരിച്ച്, ഓരോ ദിവസവും 48.5 ടൺ ഉൽക്കാശിലകൾ ഭൂമിയിൽ പതിക്കുന്നു. ഇവയിൽ ഭൂരിഭാഗവും അന്തരീക്ഷത്തിൽ ബാഷ്പീകരിക്കപ്പെടുന്നു.