ജയ്പുർ: ദളിത് യുവാവിനെക്കൊണ്ട് നിർബന്ധിപ്പിച്ച് ഷൂ നക്കിച്ച സംഭവത്തിൽ രാജസ്ഥാൻ കോൺഗ്രസ് എംഎൽഎക്കും പോലീസുകാർക്കുമെതിരേ കേസെടുത്തു.
കോൺഗ്രസ് എംഎൽഎ ഗോപാൽ മീണയ്ക്കും അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്കുമെതിരേ കോടതിയുടെ നിർദേശപ്രകാരമാണു കേസെടുത്തത്.
ഭീഷണിപ്പെടുത്തി എംഎൽഎയുടെ ചെരിപ്പ് നക്കിക്കുകയും പോലീസ് ഉദ്യോഗസ്ഥർ ദളിത് യുവാവിന്റെ ശരീരത്തിൽ മൂത്രമൊഴിക്കുകയും ചെയ്തെന്നാണ് പരാതി.
കൃഷിയിടത്തിൽ ജോലിചെയ്തിരുന്ന തന്നെ പോലീസ് പൊക്കിയെടുത്ത് കൊണ്ടുവരികയും എംഎൽഎ ചെരിപ്പ് നക്കാൻ ആവശ്യപ്പെടുകയും ചെയ്തെന്ന് പരാതിക്കാരൻ ആരോപിച്ചു.
ശേഷം സർക്കിൾ ഓഫീസർ ശിവ്കുമാർ ഭരദ്വാജ് ദേഹത്ത് മൂത്രമൊഴിച്ചതായും പരാതിക്കാരൻ പറയുന്നു. അതേസമയം, സ്വത്ത് സംബന്ധമായ തർക്കം മൂലമാണ് തനിക്കെതിരേ വ്യാജ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടതെന്നാണ് എംഎൽഎയുടെ വിശദീകരണം.