സൂക്ഷിച്ചോളൂ…എങ്ങനെ വേണെങ്കിലും പറ്റിക്കപ്പെടാം; കസ്റ്റമര്‍ കെയര്‍ ഏജന്‍റെന്ന് പറഞ്ഞ് വിളിച്ച് 64 കാരിയിൽ നിന്ന് തട്ടിയത് 25000രൂപ

ഇക്കാലത്ത് കൂടുതൽപേരും  ഓൺലൈനായാണ് സാധനങ്ങൾ  വാങ്ങുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഫുഡ് ഡെലിവറി ആപ്പുകൾ.

എന്നാല്‍ ഒന്നു കരുതിയിരുന്നോളൂ. തട്ടിപ്പുകാര്‍ ഏത് വിധേനയും പറ്റിക്കാനായി ഇറങ്ങിയിട്ടുണ്ട്.

മൊബൈല്‍ ഫോണ്‍ വഴി ബാങ്ക് അക്കൗണ്ടിന്‍റെ വിവരങ്ങള്‍ നല്‍കി പണം തട്ടിയെടുക്കുന്ന വാര്‍ത്തകള്‍ എന്നും  കേള്‍ക്കാറുള്ളതാണെങ്കിലും ഇത്തരം സംഭവങ്ങള്‍ അവസാനിക്കുന്നില്ല.

കഴിഞ്ഞ ദിവസം ബംഗുളൂരുവിലും സമാനമായൊരു സംഭവം നടന്നു. ബംഗുളൂരുവിലെ നാഗവാരയിലാണ് 64കാരിയായ ശില്പ സര്‍ണോബത്ത് തട്ടിപ്പിനിരയായത്.

ഫുഡ് ഡെലിവറി ആപ്പില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ഇവര്‍ അല്പസമയം കഴിഞ്ഞ് ഓര്‍ഡര്‍ റദ്ദാക്കി. തുടര്‍ന്ന് അവർ ക്യാന്‍സലേഷന്‍ ചാര്‍ജ് ചുമത്തുകയും ചെയ്തു.

പിന്നാലെ രണ്ട് ദിവസങ്ങള്‍ കഴിഞ്ഞ് ശില്പയ്ക്ക് അജ്ഞാത നമ്പറില്‍ നിന്നും കോള്‍ വന്നു.  ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്ന ഫുഡ് ഡെലിവറി ആപ്പിലെ കസ്റ്റമര്‍ കെയര്‍ ജീവനക്കാരനാണെന്ന് പറഞ്ഞാണ് ഫോള്‍ വിളിച്ചയാള്‍ സംസാരിച്ചത്. 

ക്യാന്‍സലേഷന്‍ ചാര്‍ജ് തിരികെ നല്‍കാമെന്ന് അയാള്‍  വിശ്വസിപ്പിക്കുകയും ചെയ്തു. ഇതിന്‍റെ ഭാഗമായി ഒരു മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും താന്‍ പറയുന്നതുപോലെ അതില്‍ വിവരങ്ങള്‍ നല്‍കണമെന്നും അയാള്‍ നിര്‍ദേശിച്ചു.

നല്‍കിയ വിവരങ്ങള്‍ക്കൊപ്പം തന്‍റെ ബാങ്ക് അക്കൗണ്ടിനെ കുറിച്ചുള്ള വിവരങ്ങളും ശില്പ നല്‍കിയിരുന്നു. ഫോണ്‍ സംഭാഷണം കഴിഞ്ഞതിന് തൊട്ടുപിന്നാലെ ശില്പയ്ക്ക് തന്‍റെ അക്കൗണ്ടില്‍ നിന്നും 25000രൂപ ആരോ പിന്‍വലിച്ചെന്നുള്ള സന്ദേശവും ലഭിച്ചു.

തുടർന്ന് ആ നമ്പറിലേക്ക് ശില്പ തിരികെ വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. പിന്നാലെ ലോക്കല്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

Related posts

Leave a Comment