റിയാദ്: പോർച്ചുഗൽ സൂപ്പർ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിന്റെ ബലത്തിൽ 2023 അറബ് ക്ലബ് ചാന്പ്യൻസ് കപ്പ് അൽ നസർ എഫ്സി സ്വന്തമാക്കി.
ഒരു ഗോളിനു പിന്നിട്ടുനിന്നശേഷമാണു റൊണാൾഡോയുടെ ഇരട്ട ഗോളിലൂടെ സൗദി ക്ലബ് കിരീടത്തിലെത്തിയത്. ടീമിന്റെ ജയം കുറിച്ച രണ്ടാം ഗോൾ റൊണാൾഡോ നേടിയത് അധികസമയത്തായിരുന്നു.
അറബ് ക്ലബ് ചാന്പ്യൻസ് കപ്പിൽ സൗദി ക്ലബ്ബായ അൽ നസർ ചരിത്രത്തിലാദ്യമായാണു കപ്പുയർത്തുന്നത്. ടീമിന്റെ ആദ്യ ഫൈനലുമായിരുന്നു.
51-ാം മിനിറ്റിൽ അൽ ഹിലാലിന്റെ മിഷേൽ ഗോൾ നേടി. റൊണാൾഡോയുടെ ട്രേഡ്മാർക്ക് ആഹ്ലാദമായ ‘സൂ ൂ…’ പുറത്തെടുത്താണു മിഷേൽ ആഘോഷിച്ചത്.
71-ാം മിനിറ്റിൽ അബ്ദുള്ള അൽ അംറി ചുവപ്പു കാർഡ് കണ്ട് പുറത്തായതോടെ അൽ നസറിന്റെ അംഗബലം 10 ആയി ചുരുങ്ങി.
എന്നാൽ, 74-ാം മിനിറ്റിൽ റൊണാൾഡോയുടെ ആദ്യ ഗോൾ. അധിക സമയത്തേക്കു നീണ്ടപ്പോൾ 98-ാം മിനിറ്റിൽ ഹെഡറിലൂടെ രണ്ടാം ഗോൾ സ്വന്തമാക്കി അൽ നസറിനെ റൊണാൾഡോ ജയത്തിലെത്തിച്ചു.
പരിക്ക്, റിക്കാർഡ്
പരിക്കിനെത്തുടർന്ന് മൈതാനം വിടേണ്ടിവന്നതോടെ ഇഞ്ചുറി ടൈമിന്റെ അവസാന അഞ്ചു മിനിറ്റ് കളിക്കാൻ റൊണാൾഡോയ്ക്കു സാധിച്ചില്ല.
ഇതോടെ ഇന്നു നടക്കുന്ന സൗദി പ്രൊ ലീഗ് 2023-24 സീസണിലെ ആദ്യ മത്സരത്തിൽ അൽ നസറിനൊപ്പം റൊണാൾഡോ ഉണ്ടാകില്ല.
അതേസമയം, അറബ് ക്ലബ് ചാന്പ്യൻസ് കപ്പിന്റെ എല്ലാ ഘട്ടത്തിലും (ഗ്രൂപ്പ് ഘട്ടം, ക്വാർട്ടർ, സെമി, ഫൈനൽ) ഗോൾ നേടുന്ന ആദ്യതാരം എന്ന റിക്കാർഡ് റൊണാൾഡോ സ്വന്തമാക്കി. മുപ്പത്തെട്ടുകാരനായ റൊണാൾഡോയാണ് ആറു ഗോളുമായി ടോപ് സ്കോററിനുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്.