നടി റാണി മുഖര്‍ജിയുടെ പുതിയൊരു വെളിപ്പെടുത്തലാണിപ്പോള്‍ ബോളിവുഡില്‍ ചര്‍ച്ചാവിഷയം. തനിക്ക് രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ട കാര്യമാണ് നടി ഇപ്പോള്‍ തുറന്നുപറഞ്ഞിക്കുന്നത്.
താന്‍ രണ്ടുവര്‍ഷം മുമ്പ് രണ്ടാമതും ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ആ കുഞ്ഞിനെ നഷ്ടമായി. 2020ലായിരുന്നു ഗര്‍ഭിണിയായത്. അഞ്ചാം മാസത്തിലാണ് അബോര്ഷന് സംഭവിച്ചതെന്നും നടി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തന്റെ കുഞ്ഞിന്റെ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന കാര്യങ്ങള്‍ നടി ബിപാഷ ബസു വെളിപ്പെടുത്തിയത്. നെഞ്ചില്‍ ദ്വാരവുമായിട്ടാണ് മകള്‍ ജനിച്ചതെന്ന് ബിപാഷ പറഞ്ഞിരുന്നു. ഇത് പറയുമ്പോള്‍ നടി പൊട്ടിക്കരയുകയായിരുന്നു.
അതിന് പിന്നാലെയാണ് ഇപ്പോള്‍ റാണിയും അത്തരമൊരു കാര്യം വെളിപ്പെടുത്തിയത്. തനിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ട കാര്യം ആദ്യമായിട്ടാണ് തുറന്ന് പറയുന്നത്. ഇത് സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്ന് കരുതരുതെന്നും റാണി പറഞ്ഞു.
കുഞ്ഞിനെ നഷ്ടമായി പത്ത് ദിവസങ്ങള്‍ക്ക് ശേഷം മിസിസ് ചാറ്റര്‍ജി വെഴ്സസ് നോര്‍വേ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ നിഖില്‍ അദ്വാനി എന്നെ കാണാന്‍ വന്നു.
ആ സിനിമയുടെ കഥ എന്നോട് പറഞ്ഞു. ആ കഥയില്‍ എന്റെ അവസ്ഥതന്നെയായിരുന്നു പറഞ്ഞിരുന്നത്. കുഞ്ഞിനെ നഷ്ടപ്പെടുന്ന അമ്മമാരുടെ ദുഃഖം എനിക്ക് പെട്ടെന്ന് മനസിലാക്കാന്‍ സാധിച്ചു. നിഖില്‍ അദ്വാനിക്കോ, ചിത്രത്തിന്റെ സംവിധായക അഷിമ ചിബ്ബറിനോ എനിക്കു കുഞ്ഞിനെ നഷ്ടപ്പെട്ട കാര്യം അറിയില്ലായിരുന്നു.
അവര്‍ തീര്‍ച്ചയായും ഇപ്പോൾ ഇത് കേള്‍ക്കുമ്പോള്‍ അമ്പരക്കാനാണ് സാധ്യത. ഈ വിഷയം ഞാന്‍ തുറന്നുപറയാതിരുന്നത് തെറ്റിദ്ധരിക്കുമോ എന്ന് ഭയന്നാണ്. ഇന്ന് ഒരു വ്യക്തിയുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും പൊതുമധ്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.
സിനിമയുടെ പ്രമോഷന് സമയത്ത് ഇക്കാര്യം പറയാതിരുന്നത്, അത് വേറൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെടുമോ എന്ന് കരുതിയാണ്. ആളുകള്‍ സിനിമയുടെ പ്രമോഷന് വേണ്ടി പറയുകയാണെന്ന് ആരോപിക്കുമായിരുന്നു. അതുകൊണ്ട് മിണ്ടായിരുന്നു. കോവിഡിന്റെ സമയത്തായിരുന്നു ആ സംഭവം ജീവിതത്തില്‍ ഉണ്ടായത്- റാണി മുഖര്‍ജി വ്യക്തമാക്കി.
നിര്‍മാതാവായ ആദിത്യ ചോപ്രയാണ് റാണിയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് 2015ലാണ് ആദ്യ കുഞ്ഞ് അദീറ പിറന്നത്.