ഇരിങ്ങാലക്കുട: ആര്‍ത്തവം മൂലം സമൂഹത്തില്‍നിന്ന് മാറ്റിനിറുത്തപ്പെടേണ്ടവരല്ല എന്ന ബോധം പെണ്‍കുട്ടികള്‍ക്കു സ്വയം ഉണ്ടാകണമെന്ന് മന്ത്രി ആര്. ബിന്ദു പറഞ്ഞു.
കേരള ഫീഡ്സ് സാമൂഹിക പ്രതിബദ്ധതാ (സിഎസ്ആര്‍) ഫണ്ട് ഉപയോഗിച്ച് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ സംഘടിപ്പിച്ച ആരോഗ്യശുചിത്വ ബോധവത്കരണവും മെന്സ്ട്രു വല്‍ കപ്പ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കാലഹരണപ്പെട്ട മൂല്യബോധങ്ങള്‍ നിലനില്ക്കുമ്പോള് ആര്‍ത്തവം അയിത്തമാണെന്ന ചിന്ത ഇന്നും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പുതിയ പെണ്‍കുട്ടികള്‍ ആത്മവിശ്വാസത്തിന്റെ പരിചപിടിച്ച് പ്രതിരോധിക്കുമ്പോള്‍ സമൂഹത്തിന് മാറ്റം സംഭവിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സ്ത്രീപക്ഷ സമീപനം നയമാക്കിമാറ്റിയ സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്ന് കേരള ഫീഡ്സ് ചെയര്മാന് കെ. ശ്രീകുമാര്‍ പറഞ്ഞു.
സംസ്ഥാനത്ത് ആര്‍ത്തവാവധി പ്രഖ്യാപിച്ചത് മന്ത്രി ആര്. ബിന്ദുവിന്റെ കൂടി താത്പര്യംകൊണ്ടാണ്. കേരള ഫീഡ്സ് എംഡി ഡോ. ബി. ശ്രീകുമാര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു.
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഇരിങ്ങാലക്കുട, കാട്ടൂര്‍, നടവരമ്പ് എന്നീ പ്രദേശങ്ങളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ 13-17 വയസിനിടയ്ക്ക് പ്രായമുള്ള 1,269 വിദ്യാര്‍ഥിനികള്‍ക്കാണ് മെന്‍സ്ട്രല്‍ കപ്പ് വിതരണം നടത്തിയത്.
സംസ്ഥാനത്തുടനീളം പതിനയ്യായിരത്തിലധികം വിദ്യാര്‍ഥിനികള്‍ക്ക് ഈ സൗകര്യം ലഭിക്കും. ഹിന്ദുസ്ഥാന്‍ ലാറ്റക്സുമായി സഹകരിച്ചാണ് കേരള ഫീഡ്സ് പദ്ധതി നടപ്പാക്കുന്നത്.
ഇരിങ്ങാലക്കുട നഗരസഭ അധ്യക്ഷ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, നഗരസഭാംഗം അഡ്വ. ജിഷ ബേബി, കെ. അവിനാഷ്, തൃശൂര്‍ ജില്ലാപഞ്ചയത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, ജില്ലാപഞ്ചായത്തംഗം ഷീല അജയഘോഷ്, ഡിഇഒഎസ് ഷാജി, ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു പി.ജോണ്‍ എന്നിവര്‍ സംബന്ധിച്ചു.