മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തില്‍ കടുത്ത ഭാഷയിലുള്ള പ്രതികരണവുമായി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്.
പഴയ കമ്മ്യുണിസ്റ്റ്കാരില്‍ ചിലര്‍ തട്ടിപ്പും വെട്ടിപ്പും നടത്തി ധനാഢ്യരായി ജനാധിപത്യത്തെ തന്ത്രപൂര്‍വം വശത്താക്കി അധികാരത്തിലേറിയ കഥ കേരളം വേണ്ടുവോളം ശ്രദ്ധിച്ചിട്ടുണ്ടോയെന്നാണ് ശക്തിധരന് ചോദിക്കുന്നത്.
സര്‍ഗാത്മകമായി വളര്‍ന്ന ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ ഒരു മാഫിയാത്തലവന്‍ അതിന്റെ പേരോ ചിഹ്നമോ മാറ്റാതെ വേഷപ്രച്ഛന്നമാക്കി ശീര്ഷാസനത്തില് നിര്‍ത്തി ലോക ചരിത്രത്തില്‍ സമാനതകളില്ലാത്ത പരീക്ഷണത്തിലേര്പ്പെട്ടിരിക്കുന്നുവെന്നതാണ് ഇന്ന് കേരളം അറിയാതെ പോകുന്ന വസ്തുതയെന്നും ശക്തിധരന് പറയുന്നു.
സിപി മോഡല്‍ അറബിക്കടലില്‍’ എന്ന് മുദ്രാവാക്യം വിളിച്ചു വാരിക്കുന്തവും പിടിച്ചു വെടിയുണ്ടകള്‍ക്ക് നേരെ വിരിമാറ് കാട്ടിയ ഒരു ജനത എങ്ങിനെയാണ് നപുംസകങ്ങളായത് ? അവര്‍ക്ക് വേണ്ടേ അവരുടെ യഥാര്‍ത്ഥ സ്വര്‍ഗ്ഗരാജ്യം ? അതോ പിണറായിയുടെ അടിമരാജ്യം മതിയോ?. കമലയും വീണാ തായ്ക്കണ്ടിയും വലിച്ചെറിയുന്ന ഉച്ഛിഷ്ടങ്ങള്‍ ഭുജിച്ചു മാഫിയകളുടെ അടിമകളായി അവര്‍ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുന്ന പെണ്ണുപിടിയന്മാരുടെയും ഡോളര്‍ , സ്വര്‍ണ്ണ കള്ളക്കടത്തുകാരുടെയും കീഴാളരായി നമ്മള് എത്രനാള്‍ ജീവിക്കും? ഗര്ജ്ജിക്കാന് മറന്നുപോയ ഒരു ജനതയുടെ ആവാസകേന്ദ്രമാണോ കേരളം.? എന്നും ശക്തിധരന് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.
ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മാഫിയയുടെ കയ്യില്‍
ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടി
ഉണ്ടായാല്‍ നിധികുംഭം!
പഴയ കമ്മ്യുണിസ്റ്റ്കാരില്‍ ചിലര്‍ തട്ടിപ്പും വെട്ടിപ്പും നടത്തി ധനാഢ്യരായി ജനാധിപത്യത്തെ തന്ത്രപൂര്‍വം വശത്താക്കി അധികാരത്തിലേറിയ കഥ കേരളം വേണ്ടുവോളം ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് സംശയം.
ഒരു മുക്കാല്‍ നൂറ്റാണ്ടിനപ്പുറം പ്രായമുള്ള കേരളത്തിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ വിഭാഗീയതയിലൂടെ ചിലര്‍ കൈക്കലാക്കി സ്വര്‍ഗീയ സൗകര്യങ്ങളോടെ വാഴുന്ന അത്ഭുതക്കാഴ്ച ഇന്നത്തെ കേരള ചരിത്രത്തില്‍ വിസ്മൃതിയിലാണ്, ഇന്ന് കേരളം അറിയാതെ പോകുന്നത്.
സര്‍ഗാത്മകമായി വളര്‍ന്ന ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ ഒരു മാഫിയാത്തലവന്‍ അതിന്റെ പേരോ ചിഹ്നമോ മാറ്റാതെ വേഷപ്രച്ഛന്നമാക്കി ശീര്ഷാസനത്തില് നിര്‍ത്തി ലോക ചരിത്രത്തില്‍ സമാനതകളില്ലാത്ത പരീക്ഷണത്തിലേര്പ്പെട്ടിരിക്കുന്നുവെന്നതാണ്.
വമ്പന്‍ ചങ്ങാത്ത മുതലാളിത്തവും ഇന്ത്യയുടെ ഭരണവര്‍ഗത്തിന്റെ പിന്‍ബലവും ഉള്ളതുകൊണ്ട് ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ല എന്ന സന്ദേശമാണ് മാഫിയകളില്‍ നിന്ന് ആത്മവിശ്വാസത്തോടെ കേരളം ഏറ്റുവാങ്ങിയിരിക്കുന്നത്.
ഇന്ത്യയില്‍ കേരളത്തിലല്ലാതെ മറ്റെങ്ങും ചരിത്രത്തെ പിന്നോക്കം നയിക്കുന്ന ഇതുപോലൊരു ഒരു പരീക്ഷണം നടക്കുന്നില്ലല്ലോ?
ലോകചരിത്രത്തില്‍ ജനാധിപത്യ വോട്ടവകാശത്തിലൂടെ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ആദ്യം അധികാരത്തില്‍ വന്നത് കേരളത്തിലാണ്. ഇതിന്റെ ഖ്യാതി എന്നും കേരളത്തിനുണ്ട്.
എന്നാല്‍ അതിനും ഒരു വ്യാഴവട്ടം മുമ്പ് 1945 മുതല്‍ 1957 വരെ പശ്ചിമ യൂറോപ്പില്‍ ഇറ്റാലിയന്‍ രാജ്യമായ സാന്‍ മാറിനോയില് ജനാധിപത്യരീതിയില്‍ വോട്ടെടുപ്പിലൂടെ കമ്യുണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നിരുന്നു.
കമ്മ്യുണിസ്റ്റുകാര്‍ അധികാരത്തിലുള്ള ഒരേ ഒരു പരമാധികാര രാഷ്ട്രമായി സാന്‍ മാറിനോ വിശേഷിപ്പി ക്കപ്പെട്ടിരുന്നു..അവിടെ 1921 ല്‍ സ്ഥാപിതമായ കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് ഭരണം നേടാന്‍ രണ്ടര ദശാബ്ദത്തോളം പ്രവര്ത്തിക്കേണ്ടിയിരുന്നു. ലോകത്തെ അഞ്ചാമത്തെ ചെറിയരാജ്യമായിരുന്നു ഇത്.
കേരളവുമായി ഒരു സാമ്യതയുള്ളത് അവിടത്തെ ഭരണാധിപനെ വിളിച്ചിരുന്നത് ‘ക്യാപ്റ്റന്‍’ (റീജന്‍സി) എന്നായിരുന്നു. മറ്റൊരു സവിശേസ്ഥതയുമുണ്ട്…
സാന്‍ മാറിനോ യില്‍ ഇരട്ടച്ചങ്കനായിരുന്നു ഭരണാധികാരി. എന്നുപറഞ്ഞാല്‍ ഇരു കക്ഷി ഭരണമായിരുന്നതിനാല്‍ തുല്യ അധികാരങ്ങള്‍ ഉള്ള രണ്ടു ഭരണാധികാരികള്‍ ഉള്ള രാജ്യമായിരുന്നു സാന്‍ മാറിനോ.
കമ്മ്യുണിസ്റ്റ് പാര്‍ട്ടി എന്ന പേരല്ലാതെ കമ്മ്യുണിസ്റ്റ് ഇന്റര്‍നാഷണ ലിലോ മറ്റേതെങ്കിലും കമ്മ്യുണിസ്റ്റ് സഖ്യത്തിലോ ആ പാര്‍ട്ടി ഉണ്ടായിരുന്നതായി കാണുന്നില്ല.
ഇറ്റലിയില്‍ മുസോളിനി അധികാരമേറ്റപ്പോള്‍ ഔദ്യോഗികമായി ആ സഖ്യത്തിലായിരുന്നില്ലെങ്കിലും കേരളത്തില്‍ പിണറായിവിജയന് ഇപ്പോള്‍ മോദിയോട് എടുക്കുന്ന അതേ നയം തന്നെയാണ് അവിടത്തെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും മുസ്സോളിനിയോടും എടുത്തത്. മുസ്സോളിനിയെ എതിര്‍ക്കാത്ത നിഷ്പക്ഷനയം.
പക്ഷെ പിന്നീട് അവിടത്തെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ കാണാതായി. പശ്ചിമബംഗാളിലെ ഇന്നത്തെ അതേ അവസ്ഥ.
കേരളത്തിലെ സിപിഎംനെ പിണറായിവിജയന്റെ കുടുംബം വിലയ്ക്കോ പാട്ടത്തിനോ വാങ്ങിയാല്‍ സാന്‍ മാനോയിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥിതിവരാം. അതിലേക്കാണ് നീങ്ങുന്നത്.
മാഫിയയുടെ കയ്യില്‍ ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഉണ്ടായാല്‍ നിധികുംഭം തന്നെ. നമ്മള് ജീവിച്ചിരിക്കുന്ന ഈ പ്ലാനെറ്റ് എത്തിനില്‍ക്കുന്ന അവസ്ഥയെക്കുറിച്ചു കാണാന്‍ കണ്ണുള്ളവര്‍ ഈ കേരളത്തില്‍ ആരുമില്ലേ ? കേരളത്തിലെ ക്ഷോഭിക്കുന്ന തലമുറ എങ്ങോട്ടുപോയി? കേരളത്തില്‍ ഐതിഹാസികമെന്നു വിശേഷിപ്പിക്കാവുന്ന ഏതെങ്കിലും ഒരു പ്രക്ഷോഭം എന്തുകൊണ്ട് ഉണ്ടാകുന്നില്ല? ആരാണ് കേരളത്തിലെ യുവാക്കളെ ഷണ്ഡീ കരിച്ചു നിര്‍ത്തിയിരിക്കുന്നത്? ഒരു പൊളിച്ചെഴുത്ത് വേണമെന്ന് ആര്‍ക്കും തോന്നുന്നില്ലേ?
‘സിപി മോഡല്‍ അറബിക്കടലില്‍’ എന്ന് മുദ്രാവാക്യം വിളിച്ചു വാരിക്കുന്തവും പിടിച്ചു വെടിയുണ്ടകള്‍ക്ക് നേരെ വിരിമാറ് കാട്ടിയ ഒരു ജനത എങ്ങിനെയാണ് നപുംസകങ്ങളായത് ? അവര്‍ക്ക് വേണ്ടേ അവരുടെ യഥാര്‍ത്ഥ സ്വര്‍ഗ്ഗരാജ്യം ? അതോ പിണറായിയുടെ അടിമരാജ്യം മതിയോ?. കമലയും വീണാ തായ്ക്കണ്ടിയും വലിച്ചെറിയുന്ന ഉച്ഛിഷ്ടങ്ങള്‍ ഭുജിച്ചു മാഫിയകളുടെ അടിമകളായി അവര്‍ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുന്ന പെണ്ണുപിടിയന്മാരുടെയും ഡോളര്‍, സ്വര്‍ണ്ണ കള്ളക്കടത്തുകാരുടെയും കീഴാളരായി നമ്മള് എത്രനാള്‍ ജീവിക്കും? ഗര്ജ്ജിക്കാന് മറന്നുപോയ ഒരു ജനതയുടെ ആവാസകേന്ദ്രമാണോ കേരളം.?
ഉമ്മന്‍ചാണ്ടി 52 വര്‍ഷം കൈവശം വെച്ചിരുന്ന ഒരു ചെറിയ പ്രദേശത്തെ ഉപതെരഞ്ഞെടുപ്പിന്റെ വീറും വാശിയിലും തളച്ചിട്ട് കത്തിച്ചു കളയേണ്ട ഊര്‍ജ്ജമാണോ നമ്മുടേത്.
അതുക്കും മേലെയുള്ള അടിമത്വ ചങ്ങല നമുക്ക് പൊട്ടിച്ചറിയേണ്ടേ? ഒരു പാര്‍ട്ടി കയ്യിലുണ്ടായിരുന്ന മാഫിയാ സംഘം സ്വന്തം ജനങ്ങളെ ഇരുട്ടിലാക്കി നാടിന്റെ സമ്പത്തു മാഫിയതലവന്റെയും അയാളുടെ അച്ചിയുടെയും മകളുടെയും മരുമക്കളുടെയും അവരുടെ കുടുംബാംഗങ്ങങ്ങളുടെയും പേരിലേക്ക് മാറ്റിക്കൊണ്ടിരുന്നിട്ട് നമ്മള് എന്തുചെയ്തു?
ഉറങ്ങുകയായിരുന്നില്ലേ നമ്മള് ? ഇതാരെങ്കിലും എപ്പോഴെങ്കിലും അറിഞ്ഞിരുന്നോ? വന്‍കിട കുത്തകളുടെ മടിശീലയില്‍ നിന്ന് മാഫിയാ കുടുംബത്തിലെ ഓരോരുത്തരും ഒരു തൊഴിലുമെടുക്കാതെ കോടികള്‍ അടിച്ചു മാറ്റുന്നതിന്റെ എന്തെങ്കിലും ജാള്യം ആ മുഖങ്ങളില്‍ നോക്കിയാല്‍ ഉണ്ടോ? ഒരു മുന്‍മന്ത്രി ഒരുകൂസലുമില്ലാതെ കാമറയ്ക്ക് മുന്നില്‍ നിന്ന് നിഗളിക്കുന്നത് കണ്ടില്ലേ, കോടികള്‍ വാങ്ങിയിട്ടുണ്ട്. ഇനിയും വാങ്ങും എന്ന്? ഈ വിടുവായന് ഉണ്ടാക്കിത്തന്നതാണോ ഈ കേരളം ?
മുക്കാല്‍ നൂറ്റാണ്ട് മുമ്പ് ഏതാണ്ട് ഇതേ സമയം 25 വയസ്സുള്ള ഒരു ബ്രാഹ്മണ തീക്കുടുക്കയുടെ മുണ്ടിനടിയില്‍ ഒളിപ്പിച്ചിരുന്ന കൊടുവാള് എങ്ങിനെയാണ് തിരുവിതാംകൂറിന്റെ ചരിത്രത്തിന്റെ ഗതി കീഴ്മേല്‍ മറിച്ചതെന്ന് ഈ മുന്‍ മന്ത്രിപുംഗവനും പഠിച്ചതല്ലേ? ഇനിയും കോടികള്‍ വാങ്ങുമത്രേ ?ഏഭ്യന് ! മാന്യതയില്ലാത്ത അടിമ! .ആരുടെ പണമാടോ പുതുപ്പള്ളിയില്‍ അങ്കം കുറിക്കുന്നത്? ഒരേ കര്‍ത്തയുടെ പണപ്പെട്ടിയല്ലേ അവിടെ തുറക്കുന്നത്?
ദിവാന് സി പിയും അഹങ്കരിച്ചിരുന്നത് തിരുവിതാംകൂര്‍ എന്ന സ്വപ്ന ഖനിയുടെ മുകളിലാണ് താന്‍ ഇരിക്കുന്നതെന്നാണ്.ഇപ്പോള്‍ മാഫിയതലവനും അതുതന്നെയാണ് അധീശപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
കേരളത്തിന്റെ സ്വര്‍ണ്ണഖനിയായ കരിമണല്‍ പ്രകൃതിയെ കൊള്ളയടിച്ചു ചൂഷണം ചെയ്തു മദിക്കുന്നതുമാത്രമേ പുറത്തുവന്നിട്ടുളളൂ . . ഇനിയുള്ള നീണ്ട പട്ടിക പുറത്തുവരാന്‍ അധികം സമയം വേണ്ടിവരില്ല.
എല്ലാ ബ്രഹ്മാസ്ത്രങ്ങളും ആയുധപ്പുരയില്‍ നിന്ന് ഒന്നൊന്നായി പുറത്തുവരും. നമ്മുടെ കണ്മുന്പില് തടിമിടുക്കോടെ നെഞ്ച് വിരിച്ചു വിരാജിക്കുന്ന .പലര്‍ക്കും ഈ മാഫിയകളുമായുള്ള ബന്ധം കേരളം കാണാന്‍ പോകുകയാണ്. എത്ര കോടികളാണ് പുറത്തേക്ക് വരുന്നതെന്ന് അടിമക്കൂട്ടങ്ങള്‍ കാണുമ്പോള്‍ അന്ധാളിച്ചു പോകും.!