തിരുവനന്തപുരം: മിത്ത് വിവാദവുമായി ബന്ധപ്പെട്ട് എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപഘോഷയാത്രക്കെതിരേ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ സർക്കാർ നീക്കം.
ഘോഷയാത്രയ്ക്ക് ഗൂഢലക്ഷ്യമില്ലെന്നും അക്രമം നടന്നില്ലെന്നും കാട്ടി പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിക്കാനാണ് നീക്കം.
അതേസമയം കേസ് എഴുതിത്തള്ളാൻ സാധിക്കില്ലെന്നും ചില ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു. നിയമോപദേശം തേടിയശേഷമായിരിക്കും തുടർനടപടികൾ. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കുക എളുപ്പമല്ല.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് എൻഎസ്എസിനെ അനുനയിപ്പിക്കാൻ കേസ് പിൻവലിക്കാൻ സർക്കാർ ആലോചിക്കുന്നത്.
സ്പീക്കർ എ.എൻ.ഷംസീർ ഗണപതിയെ സംബന്ധിച്ച് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചാണ് എൻഎസ്എസ് തിരുവനന്തപുരത്ത് നാമജപഘോഷയാത്ര നടത്തിയത്.
എൻഎസ്എസ് വൈസ് പ്രസിഡന്റ് എം.സംഗീത് കുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ കന്റോണ്മെന്റ് പോലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംഗീത് കുമാർ ഹൈക്കോടതിയെ സമീപിച്ചു.
കോടതി കേസുമായി ബന്ധപ്പെട്ട നടപടികൾ താൽക്കാലികമായി സ്റ്റേ ചെയ്യുകയും സർക്കാരിനോട് വിശദീകരണം തേടിയിരുന്നു.
സ്പീക്കർ തിരുത്തില്ലെന്നും മാപ്പ് പറയില്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നേരത്തെ പറഞ്ഞിരുന്നത്.