പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ : കെഎസ്ആർടിസി നടത്തുന്ന ഷെഡ്യൂളുകൾ ടാർഗറ്റ് കളക്ഷൻ നേടുന്നതിന്റെയും ലാഭകരമാക്കുന്നതിന്റെയും പൂർണ്ണമായ ഉത്തരവാദിത്വം ഇൻസ്പെക്ടർമാർക്ക്.
ഓരോ യൂണിറ്റിലെയും ഷെഡ്യൂളുകളുടെയും ഇൻസ്പെക്ടർമാരുടെയും എണ്ണവും കണക്കാക്കി ആനുപാതികമായി ഷെഡുകളുകൾ ഇൻസ്പെക്ടർമാർക്ക് വിഭജിച്ചു നല്കും.
ഒരു ഇൻസ്പെക്ടർ ഒരു ഡ്യൂട്ടിയിൽ 14 ബസുകൾ പരിശോധിക്കണമെന്ന നിലവിലെ വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ മേൽനോട്ട ചുമതലയുള്ള ബസുകൾ കൃത്യമായി പരിശോധിക്കണമെന്നും ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ ക്ലസ്റ്റർ ഓഫീസർമാർക്കയച്ച സർക്കുലറിൽ വ്യക്തമാക്കുന്നു.
ഒരു ഓപ്പറേറ്റിംഗ് സെൻറർ കൺട്രോളിംഗ് ഇൻസ്പെക്ടർഅവിടത്തെ സർവീസ് ഓപ്പറേഷന് എന്തെല്ലാം കാര്യങ്ങൾ ചെയ്യുന്നുവോ അതിനു സമാനമായ എല്ലാ ഉത്തരവാദിത്വങ്ങളും മേൽനോട്ട ചുമതല എന്നതിൽ ഉൾക്കൊള്ളുന്നതാണ്.
സൂപ്പർ ക്ലാസ് സർവീസുകളുടെ ചുമതല ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർമാർക്കായിരിക്കും.മേൽനോട്ട ചുമതലയുടെ ഭാഗമായി ഷെഡ്യൂളുകൾക്ക് അനുവദിച്ചിരിക്കുന്ന ടാർഗറ്റ് കളക്ഷൻ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുക . ഷെഡ്യൂളിന്റെ ഇന്ധനക്ഷമത വർദ്ധിപ്പിച്ച് നഷ്ടം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുക .
ഷെഡ്യൂളിനായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ക്രൂ ,കൃത്യസമയത്ത് തന്നെ ഹാജരാവുന്നു എന്നും കൃത്യമായി തന്നെ സർവീസ് ഓപ്പറേറ്റ് ചെയ്യുന്നു എന്നും ഉറപ്പുവരുത്തുക.
ഷെഡ്യൂളിനായി അനുവദിക്കപ്പെട്ട ബസ് പൂർണ്ണമായും സർവീസിന് യോഗ്യമാണ് എന്ന കാര്യം ഉറപ്പുവരുത്തുക. വരുമാനവർദ്ധനവിനായി ആവശ്യമെങ്കിൽ ഷെഡ്യൂൾ മോഡിഫിക്കേഷൻ റിപ്പോർട്ട് തയ്യാറാക്കി യൂണിറ്റ് ഓഫീസർക്ക് സമർപ്പിക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങളും നിർവഹിക്കണം.
ഇൻസ്പെക്ടർമാർ ഓരോ ദിവസവും ചെയ്യുന്ന പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്നതിനായി ഒരു ആക്ടിവിറ്റി രജിസ്റ്റർ തയാറാക്കി പരിപാലിക്കേണ്ടതും ഇത് എല്ലാ ദിവസവും യൂണിറ്റ് ഓഫീസറെ കാണിച്ച് ബോധ്യപ്പെടുത്തി ഇനിഷ്യൽ ചെയ്യിക്കേണ്ടതുമാണ്.
ഈ ഉത്തരവിലുടെ ഇൻസ്പെക്ടർമാർക്ക് അധിക സേവന ഭാരം അടിച്ചേല്പിക്കുകയാണെന്ന ആരോപണവും ജീവനക്കാർ ഉയർത്തിയിട്ടുണ്ട്.