കോതമംഗലം: വാരപ്പെട്ടിയിൽ കെ.എസ്ഇബി ഉദ്യോഗസ്ഥർ വാഴ വെട്ടി നശിപ്പിച്ച സംഭവത്തിൽ കെഎസ്ഇബി കർഷകന് നഷ്ടപരിഹാരം കൈമാറി.
കർഷക ദിനത്തോടനുബന്ധിച്ച് ഇന്നു രാവിലെ ട്രാൻസ്മിഷൻ വിഭാഗം ഡയറക്ടർ സജി പൗലോസും കോതമംഗലം എംഎൽഎ ആന്റണി ജോണും ചേർന്നാണ് നഷ്ടപരിഹാര തുകയുടെ ചെക്ക് വാരപ്പെട്ടി കാവുംപുറത്ത് തോമസിന് വീട്ടിലെത്തി കൈമാറിയത്.
ടച്ച് വെട്ടിന്റെ മറവിൽ നാനൂറോളം വാഴകളാണ് കെഎസ്ഇബി ജീവനക്കാർ വെട്ടിനശിപ്പിച്ചത്. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും കൃഷി, വൈദ്യുതി മന്ത്രിമാർ നേരിട്ട് ഇടപെടുകയും ചെയ്തിരുന്നു.
കൃഷി മന്ത്രി പി. പ്രസാദ് സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വില ഇരുത്തുകയും ഇനി കർഷകർക്ക് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അറിയിച്ചിരുന്നു.