ടെൽ അവീവ്: തെക്കൻ ഇസ്രയേലിൽ നടത്തിയ ഖനനത്തിൽ 5,500 വർഷം പഴക്കമുള്ള കവാടം കണ്ടെത്തി. കിരിയാത്ത് ഖാട്ട് വ്യവസായ മേഖലയ്ക്കടുത്ത് പുരാതനനഗരമായ ടെൽ എറാനിയുടെ ശേഷിപ്പുകൾ നിലനിൽക്കുന്നിടത്താണ് ഇതു കണ്ടെത്തിയത്. 3,300 വർഷം പഴക്കമുള്ളതെന്നു കരുതുന്ന കോട്ടയുടെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്.
വെങ്കലയുഗത്തിലെ നാഗരിക വികസനത്തെക്കുറിച്ചും പ്രതിരോധ തന്ത്രങ്ങളെക്കുറിച്ചും അമൂല്യമായ അറിവുകളാണു ലഭിച്ചിരിക്കുന്നതെന്ന് ഇസ്രേലി പുരാവസ്തു വകുപ്പ് പറഞ്ഞു. കല്ലും ഇഷ്ടികയുംകൊണ്ടു നിർമിച്ച കവാടത്തിന്റെ ഒന്നര മീറ്റർ ഭാഗം ഇപ്പോഴും തകരാതെ അവശേഷിക്കുന്നു.
കല്ലുകൾ ദൂരെനിന്നു കൊണ്ടുവന്നതാണെന്നു കരുതുന്നു. ചെളി കുഴച്ച് ഇഷ്ടികയുണ്ടാക്കുന്ന വിദ്യ അന്നത്തെ സമൂഹത്തിനു സ്വന്തമായിരുന്നുവെന്നും അനുമാനിക്കപ്പെടുന്നു.
വെങ്കലയുഗത്തിൽ ഫിലിസ്ത്യർ നിർമിച്ച ടെൽ എറാനി നഗരത്തിന്റെ 37 ഏക്കർ ഭാഗത്ത് ഇസ്രേലി പുരാവസ്തു വകുപ്പ് വർഷങ്ങളായി ഖനനം നടത്തുന്നുണ്ട്. ബിസി ആറാം നൂറ്റാണ്ടിൽ ബാബിലോണിയക്കാരാണു നഗരം നശിപ്പിച്ചതെന്നു കരുതുന്നു.