തട്ടിപ്പുകളുമായി ബന്ധപ്പെട്ട് എത്ര വാര്‍ത്തകള്‍ ദിവസേന പുറത്തുവന്നെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ കുറവില്ലന്നതാണ് യാഥാര്‍ഥ്യം. തട്ടിപ്പുകാരുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ കേട്ട് യുക്തിപരമായി ചിന്തിക്കാതെയാണ് പലരും പണം തട്ടിപ്പ് സംഘങ്ങൾക്ക് നൽകുന്നത്.
എന്നാല്‍ അതുപോലൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മനുഷ്യരെ നഗ്നരായി കാണാന്‍ സാധിക്കുന്ന മാന്ത്രിക കണ്ണാടി നല്‍കാമെന്ന് പറഞ്ഞാണ് 72കാരനില്‍ നിന്നും മൂന്നംഗ സംഘം പണം തട്ടിയെടുത്തിരിക്കുന്നത്.
കാന്‍പൂര്‍ സ്വദേശയായ അവിനാഷ് ശുക്ലയില്‍ നിന്ന് ഒന്‍പത് ലക്ഷം രൂപയാണ് മൂന്നംഗസംഘം തട്ടിയെടുത്തത്. അവിനാഷിന്റെ കാന്‍പൂരിലെ സുഹൃത്തായ വീരേന്ദ്ര ദുബെ വഴിയാണ് പ്രതികളോട് ഇയാള്‍ ബന്ധപ്പെട്ടത്.
പശ്ചിമ ബംഗാളില്‍ നിന്നുള്ള മൂന്നുപേരെയാണ് കഴിഞ്ഞ ദിവസം ഭുവനേശ്വറിലെ പോലീസ് കസ്റ്റഡിയിലെടുത്തത്. പാര്‍ത്ഥ സിംഗ്റേ, മൊലയ സര്‍ക്കാര്‍, സുദീപ്ത സിന്‍ഹ റോയ് എന്നിവരാണ് പോലീസ് പിടിയിലായത്.
സിംഗപ്പൂരില്‍ പുരാതന വസ്തുക്കള്‍ വില്‍ക്കുന്ന കമ്പിനിയുടെ പ്രതിനിധികളാണെന്ന് പറഞ്ഞാണ് മാന്ത്രിക കണ്ണാടി രണ്ട് കോടി രൂപയ്ക്ക് ശുക്ലയ്ക്ക് വാഗ്ദാനം ചെയ്തത്.
പ്രതികള്‍ ശുക്ലയുടെ വിശ്വാസം നേടിയെടുക്കുന്നതിനായി പുരാതന വസ്തുക്കള്‍ തങ്ങളുടെ കൈയില്‍ നിന്ന് വാങ്ങിയവരാണെന്ന് പറഞ്ഞ് നിരവധിയാളുകളെ പരിചയപ്പെടുത്തി നല്‍കുകയും ചെയ്തു. ആളുകളെ നഗ്നരായി കാണുന്നതോടൊപ്പം കണ്ണാടി നോക്കിയാല്‍ ഭാവി പ്രവചിക്കാന്‍ കഴിയുമെന്നും ഇവര്‍ പറഞ്ഞു വിശ്വസിപ്പിച്ചു.
ഇതിനു പിന്നാലെയണ് ഭുവനേശ്വറിലേക്ക് മാന്ത്രിക കണ്ണാടി വാങ്ങാന്‍ പണവുമായെത്താന്‍ ശുക്ലയോട് പ്രതികള്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഒന്‍പത് ലക്ഷം രൂപ ഹോട്ടലിലെത്തി ഇയാള്‍ പ്രതികള്‍ക്ക് നല്കി. എന്നാല്‍ താന്‍ തട്ടിപ്പിന് ഇരയാവുകയായിരുന്നെന്ന് മനസിലാക്കിയ ശുക്ല പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.