ഇടുക്കി: നെടുങ്കണ്ടം മാവടിയില്‍ ഗൃഹനാഥന് വീടിനുള്ളിൽ വെടിയേറ്റു മരിച്ച സംഭവത്തില്‍ മൂന്നംഗ നായാട്ടു സംഘം അറസ്റ്റില്‍. മാവടി തകിടിയേല്‍ സജി (50 ), മുകളേല്‍പറമ്പില്‍ ബിനു (40 ), അടിമാലി മുനിയറ കല്ലിടുക്കില്‍ വിനീഷ് (38) എന്നിവരാണ് അറസ്റ്റിലായത്.
നെടുംകണ്ടം മാവടി പ്ലാക്കല്‍ സണ്ണി(57)യാണ് ചൊവ്വാഴ്ച രാത്രി വീടിനുള്ളില്‍ തലയ്ക്കു വെടിയേറ്റു മരിച്ചത്. സംഭവം നായാട്ടിനിടെ നടന്ന കൊലപാതകമെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. നാ
യാട്ടിനിടെ വീടിനോട് ചേര്‍ന്നുനിന്ന മൃഗത്തെ വെടിവെച്ചപ്പോള്‍ അബദ്ധത്തില്‍ സണ്ണിക്ക് വെടിയേറ്റതെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി.
എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. നാടന്‍ തോക്ക് ഉപയോഗിച്ച് വീടിന് പുറത്തുനിന്നു വെടിവച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
കേസന്വേഷണത്തിനായി കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്റെ നേതൃത്വത്തില്‍ 50 അംഗ പ്രത്യേക സംഘത്തിന് രൂപം നല്‍കിയിരുന്നു. ചൊവ്വാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം.
വെടിയൊച്ച കേട്ട് മറ്റൊരു മുറിയില്‍ കിടക്കുകയായിരുന്ന സണ്ണിയുടെ ഭാര്യ സിനി ഓടിയെത്തി നോക്കിയപ്പോള്‍ കിടക്കയില്‍ രക്തം വാര്‍ന്ന നിലയില്‍ സണ്ണിയെ കണ്ടെത്തുകയായിരുന്നു.
വെടിയേറ്റാണ് സണ്ണി മരിച്ചതെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. നെറ്റിയില്‍ തറച്ച നിലയില്‍ നാടന്‍ തോക്കില്‍ ഉപയോഗിക്കുന്ന തിരയ്ക്ക് സമാനമായ ലോഹഭാഗവും കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സണ്ണി കിടന്നുറങ്ങിയ കട്ടിലിന് അഭിമുഖമായുള്ള അടുക്കള വാതിലില്‍ തറച്ചുകയറിയ നിലയില്‍ അഞ്ച് തിരകള്‍ കണ്ടെത്തി.