കോൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ബംഗളൂരു എഫ്സിയോട് 2-2 സമനില വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് പുറത്തേക്കുള്ള വഴിയിൽ. ജയിച്ചാൽ ക്വാർട്ടർ ബെർത്ത് സജീവമാക്കി നിലനിർത്താമെന്ന അവസ്ഥയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെതിരേ ഇറങ്ങിയത്.
നൈജീരിയൻ സ്ട്രൈക്കർ ജെസ്റ്റിൻ എമ്മാനുവലിന്റെ ഗോളിൽ 14-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് സ്വന്തമാക്കി. എന്നാൽ, 38-ാം മിനിറ്റിൽ എഡ്മണ്ട് ലാൽറിൻഡികയിലൂടെ ബംഗളൂരു 1-1ന് ആദ്യ പകുതി അവസാനിപ്പിച്ചു.
ആക്രമിച്ച് കയറിയ ബംഗളൂരു ചുണക്കുട്ടികൾ 51-ാം മിനിറ്റിൽ ലീഡ് സ്വന്തമാക്കി. ആശിഷ് ഛായുടെ വകയായിരുന്നു ബംഗളൂരുവിന്റെ രണ്ടാം ഗോൾ. പകരക്കാരനായെത്തിയ മുഹമ്മദ് എയ്മന്റെ (84’) വകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ.
എന്നാൽ, 85-ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡിലൂടെ റൂയിവ ഹോർമിപാം മൈതാനം വിട്ടതോടെ കേരള ബ്ലാസ്റ്റേഴ്സ് 10 പേരുമായാണ് മത്സരം അവസാനിപ്പിച്ചത്.
ബ്ലാസ്റ്റേഴ്സും ബംഗളൂരുവും സമനിലയിൽ പിരിഞ്ഞതോടെ ഗോകുലം കേരള എഫ്സി ഗ്രൂപ്പ് സി ചാന്പ്യന്മാരായി ക്വാർട്ടറിലേക്ക് മുന്നേറി.
കളിച്ച രണ്ട് മത്സരത്തിലും ജയിച്ച ഗോകുലം കേരളയ്ക്ക് ആറ് പോയിന്റാണ്. രണ്ട് സമനിലയോടെ രണ്ട് പോയിന്റുമായി ബംഗളൂരുവാണ് നിലവിൽ രണ്ടാം സ്ഥാനത്ത്. അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ എയർ ഫോഴ്സിനെയും ബംഗളൂരു ഗോകുലം കേരളയെയും നേരിടും.
എയർ ഫോഴ്സിനെതിരേ ജയിക്കുകയും, ഗോകുലം ബംഗളൂരുവിനെ സമനിലയിൽ നിർത്തുകയോ തോൽപ്പിക്കുകയോ ചെയ്താൽ മാത്രമേ കേരള ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ പ്രവേശം ഇനി സാധ്യമാകുകയുള്ളൂ.
അതേസമയം, ഗ്രൂപ്പ് ഇയിൽ മൂന്ന് ജയത്തോടെ ചാന്പ്യന്മാരായി ചെന്നൈയിൻ ക്വാർട്ടറിലേക്ക് മുന്നേറി.