സ്വന്തം ലേഖിക
കൊച്ചി: വില്പന നടത്തിത്തരാമെന്ന് വിശ്വസിപ്പിച്ച് കാറുകള്‍ കൈക്കലാക്കിയശേഷം മറിച്ചുവിറ്റ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ പാലാരിവട്ടം ആലിന്‍ചുവട് എ ബി കാര്‍ സ്ഥാപനമുടമ നെയ്യാറ്റിന്‍കര ചെങ്കല്‍ പ്ലാമൂട്ടുകട പേരുംചേരിവീട്ടില് കെ.എസ്.
അമലിന്റെ വാഹനങ്ങള്‍ കൊച്ചി സിറ്റി പോലീസിലെ ചില പോലീസ് ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തല്‍. മദ്യം, മയക്കുമരുന്നു കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇയാളുടെ വാഹനം ഉപയോഗിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
അമലിന് പാലാരിവട്ടം, എളമക്കര പോലീസ് സ്റ്റേഷനുകളിലെ ചില ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ അമലിന്റെ ഉടമസ്ഥതയിലുള്ള വാഹനം പോലീസ് ഉദ്യോഗസ്ഥര്‍ കേസ് അന്വേഷണത്തിന് ഉപയോഗിച്ചതിനെക്കുറിച്ച് വ്യക്തത വരുത്താനുള്ള അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
സുഹൃത്തുക്കളായ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പംനിന്ന് ഇയാള്‍ എടുത്തിട്ടുള്ള ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ആ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
പ്രതിയുടെ എളമക്കര താന്നിക്കല്‍ ജംഗ്ഷനിലുള്ള ഫ്ളാറ്റില്‍ പോലീസ് നടത്തിയ പരിശോധനയില്‍ രണ്ട് എയര്‍ പിസ്റ്റളുകളും ഒരു കൈവിലങ്ങും പോലീസ് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബീക്കണ്‍ ലൈറ്റും പിടിച്ചെടുത്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും രണ്ടു തവണ കൈവിലങ്ങുകളുടെ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഒരിടത്തുനിന്നും കൈവിലങ്ങ് നഷ്ടമായിട്ടില്ലെന്നാണ് കണ്ടെത്തല്‍.
തുടര്‍ന്നു ഇയാള്‍ക്ക് സുഹൃത്തുക്കളായ പോലീസ് ഉദ്യോഗസ്ഥരില്‍ ആരെങ്കിലും കൈവിലങ്ങ് ഓണ്‍ലൈനായി വാങ്ങി നല്‍കിയിട്ടുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.
ഇന്നലെ അമലിനെതിരേ ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ ഇയാള്‍ക്കെതിരേയുള്ള തട്ടിപ്പുകേസുകളുടെ എണ്ണം 21 ആയി.
പ്രതിയുടെ ഉടമസ്ഥതയിലുളള സ്ഥാപനത്തില്‍ പാര്‍ട്ണര്‍ഷിപ്പ് നല്‍കാമെന്നു വിശ്വസിപ്പിച്ച് ചേരാനല്ലൂര്‍ സ്വദേശിയില്‍നിന്ന് അഞ്ചേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് രണ്ടു കേസുകളും വീട് പണയം ഒഴിപ്പിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയതിന് ഒരു കേസും വാഹന വില്പന സംബന്ധിച്ച തട്ടിപ്പിന് 17 കേസുകളുമാണ് ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം രൂപ, പത്തു ലക്ഷം രൂപ എന്നിങ്ങനെയാണ് പ്രതി തട്ടിയെടുത്തത്. വീടു പണയം ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് അഞ്ചര ലക്ഷം രൂപ തട്ടിയെടുക്കുകയുണ്ടായി.
നിലവില്‍ ഒന്നരക്കോടി രൂപയുടെ തട്ടിപ്പാണ് അമല്‍ നടത്തിയിട്ടുള്ളതെന്ന് അന്വേഷണസംഘം പറഞ്ഞു. ഇയാള്‍ മറിച്ചു വിറ്റ 17 വണ്ടികളില്‍ എട്ടെണ്ണം പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബാക്കിയുള്ളവ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
അമലിന്റെ ഓഫീസ് ജീവനക്കാരായ ഇപ്പോള്‍ തൃക്കാക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം നെയ്യാറ്റിന്‍കര റിസ്വാന് കോട്ടേജില്‍ തൗഫീക്ക്(49), എറണാകുളം മൂക്കന്നൂര്‍ വാളഞ്ചേരി വീട്ടില്‍ റോഷന് എന്ന വിമല്‍(36)എന്നിവരെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഡിസിപി എസ്.ശശിധരന്റെ മേല്‍നോട്ടത്തില്‍ എറണാകുളം എസിപി പി.രാജ്കുമാര്, മെട്രോ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ.എന്‍. മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.