തിരുവനന്തപുരം: മമ്മൂട്ടിക്ക് തന്നെ ഇഷ്ടമല്ലെന്നും അതെന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നും നടനും എംഎൽഎയുമായ കെ.ബി.ഗണേഷ് കുമാർ.
മമ്മൂട്ടിയുടെ ആരാധകനാണ് ഞാൻ. ഒരു റോൾ മോഡൽ ആയാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. വ്യക്തിപരമായും മമ്മൂട്ടിയെ ഒരുപാട് ഇഷ്ടമാണ്. പക്ഷെ അദ്ദേഹം തന്നോട് എന്തോ അകലം പാലിക്കുന്നു.
അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല- ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ ഗണേഷ് കുമാർ പറഞ്ഞു. പക്ഷെ അതിലൊന്നും തനിക്ക് ഒരു കുഴപ്പമില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
മമ്മൂട്ടിയുമായി ഒന്നിച്ച് സിനിമ ചെയ്തിട്ട് ഇപ്പോൾ 20 വർഷങ്ങളായി. മുന്പ് ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ അങ്ങനെ സംഭവിക്കുന്നില്ല.
ദി കിംഗ് എന്ന സിനിമയാണ് ഏറ്റവും ഒടുവിൽ ചെയ്തത്. അമ്മയുടെ മീറ്റിംഗിൽ കാണുമ്പൊൾ സംസാരിക്കും. പിന്നെ ഞാൻ അവസരങ്ങൾ ആരോടും പോയി ചോദിച്ചിട്ടില്ല.
മമ്മൂട്ടിക്ക് 36 വയസുള്ളപ്പോഴാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. അന്ന് പരിചയപ്പെട്ടു, അന്ന് മുതൽ ആരാധനയാണ്. സ്നേഹവും ബഹുമാനവും ഉണ്ട്. പക്ഷെ എന്തോ അദ്ദേഹത്തിന് എന്നോട് ഇഷ്ടക്കുറവുണ്ട്.
മോഹൻലാൽ, സിദ്ധിഖ്, ഇടവേള ബാബു എന്നിവരോടൊക്കെ ഞാൻ ബന്ധപ്പെടാറുണ്ട്. പക്ഷെ അത്തരത്തിലുള്ള ഒരു ഇടപെടൽ മമ്മൂട്ടിയുമായി ഇല്ല- ഗണേഷ് കുമാർ പറഞ്ഞു.