സിഡ്നി: ഫിഫ 2023 വനിതാ ലോകകപ്പില്‍ സ്പാനിഷ് വസന്തം. ഫൈനലില്‍ ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് അടിയറവ് പറയിച്ചാണു സ്പെയിന് കന്നിക്കപ്പുയര്ത്തിയത്. ഇംഗ്ലണ്ടിന്റെയും ആദ്യ ലോകകപ്പ് ഫൈനലായിരുന്നു.
29-ാം മിനിറ്റില്‍ ലെഫറ്റ് ബാക്ക് ഒല്‍ഗ കാര്‍മോണ ചരിത്രം കുറിച്ച സ്പാനിഷ് ഗോളിനുടമയായി. ഇംഗ്ലണ്ട് പ്രതിരോധത്തെ മറികടന്ന് പന്ത് വലകുലുക്കിയപ്പോള്‍ സിഡ്നി സ്റ്റേഡിയത്തില്‍ റിക്കാർഡ് (75,784)കാണികള്‍ സാക്ഷി. രണ്ടാം പകുതിയില്‍ ഇംഗ്ലീഷ് കാവല്‍ക്കാരി മേരി ഏര്‍പ്സ്, സ്പാനിഷ് പെനാല്‍റ്റി തടുത്തിരുന്നില്ലെങ്കില് വിജയം ഇതിലും സുന്ദരമാകുമായിരുന്നു.
സലാം സൽമ
സ്പെയിനിന്റെ പത്തൊമ്പതുകാരിയായ സല്‍മ പാരല്ല്യൂലോ മികച്ച യുവതാരമായപ്പോള്‍ സെമിയിലും ഫൈനനലിലും ഗോള്‍ സ്കോര്‍ ചെയ്യുന്ന ചരിത്രത്തിലെ ഏഴാമത് താരമെന്ന നേട്ടത്തിന് ഓൾഗയും അര്‍ഹയായി. അണ്ടർ 17, അണ്ടർ 20, സീനിയർ ലോകകപ്പ് ചാന്പ്യൻ എന്ന നേട്ടത്തിൽ സൽമയെത്തി.
‘വനിതാ ഫുട്ബോളിലെ ഇനിയേസ്റ്റ’ എന്ന് പെപ് ഗ്വാർഡിയോള വിശേഷിപ്പിച്ച സ്പെയിനിന്റെ ഐതാന ബോണ്മാതിയാണു മികച്ച താരം. 2022 അണ്ടർ 17, അണ്ടർ 20 വനിതാ ലോകകപ്പിനു പിന്നാലെയാണ് 2023 സീനിയർ ലോക കിരീടവും സ്പെയിൻ സ്വന്തമാക്കിയത്, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ രാജ്യം.
അമേരിക്ക, ജർമനി, നോർവെ, ജപ്പാൻ എന്നിവയ്ക്കുശേഷം ഫിഫ വനിതാ ലോകകപ്പ് സ്വന്തമാക്കുന്ന അഞ്ചാമത് ടീമാണ് സ്പെയിൻ.