കൊച്ചി: സുഹൃത്തുക്കളായ വാഹന ഉടമകളില്‍ നിന്നും കാറുകളും മറ്റു വാഹനങ്ങളും സ്വന്തം ഉപയോഗത്തിനാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചു വാടകയ്ക്ക് വാങ്ങിയശേഷം പണയപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി തട്ടിയെടുത്തത് 15 വാഹനങ്ങള്‍. വിവിധ സ്റ്റേഷന് പരിധികളിലായാണ് ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയത്.
കേസുമായി ബന്ധപ്പെട്ട് തൃക്കാക്കര തോപ്പില്‍ നസ്രത്ത് വീട്ടില്‍ ഹരീഷി(36)നെയാണ് എറണാകുളം നോര്‍ത്ത് എസ്ഐ ടി.എസ്. രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
എറണാകുളം സെമിത്തേരി മുക്ക് സ്വദേശി അഖിലിന്റെ പക്കല്‍നിന്നും മൂന്ന് കാറുകള്‍ വാങ്ങിയ ശേഷം തിരുനെല്‍വേലിക്കാരനായ സുരേഷ് എന്നയാള്‍ക്ക് പണയപ്പെടുത്തിയ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ വരുംദിവസം കസ്റ്റഡിയില്‍ വാങ്ങും. ഇയാള്‍ സമാനരീതിയില്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.