മലപ്പുറം: നിലവാരമില്ലാത്ത സമൂസ മേക്കർ മെഷീൻ നൽകി കബളിപ്പിച്ച കേസിൽ 4,28,700 രൂപ നഷ്ടപരിഹാരം നൽകാൻ മലപ്പുറം ജില്ല ഉപഭോക്തൃ കമ്മീഷന്റെ വിധി.
നിറമരുതൂർ സ്വദേശി അബ്ദുൽ സലീം നൽകിയ പരാതിയിലാണ് വിധി.മെഷീനിന്റെ വിലയായി 2,03,700 രൂപയും നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപയും കോടതിച്ചെലവായി 25,000 രൂപയും പരാതിക്കാരന് നൽകാനാണ് ഉത്തരവ്.
ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കാത്തപക്ഷം 12 ശതമാനം പലിശ നൽകണമെന്നും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ കമീഷന്റെ വിധിയിൽ പറഞ്ഞു.
പ്രവാസിയായ പരാതിക്കാരൻ പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതിയനുസരിച്ചാണ് ജില്ല വ്യവസായകേന്ദ്രം വഴി ബേക്കറി ആരംഭിക്കാൻ തീരുമാനിച്ചത്.
മണിക്കൂറിൽ 2000ത്തിലധികം സമൂസ വൈവിധ്യമാർന്ന വിധത്തിൽ ഉണ്ടാക്കാൻ കഴിയുമെന്ന ഉറപ്പിലാണ് സമൂസ മേക്കർ മെഷീൻ വാങ്ങിയത്. കേരളത്തിൽ 5000 ത്തിലധികം മെഷീനുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു.
പണമടച്ചാൽ മൂന്നാം ദിവസം മെഷീൻ എത്തിക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ, 2019 ഏപ്രിൽ നാലിന് പണം നൽകിയിട്ടും ഒക്ടോബർ 12ന് മാത്രമാണ് മെഷീൻ നൽകിയത്.
ഭാര്യയും മക്കളും മരുമക്കളും ചേർന്നുള്ള സംരംഭത്തിന് 14 ദിവസത്തെ പരിശീലനവും ഉറപ്പു നൽകിയിരുന്നു. എന്നാൽ ഫോൺ വഴിയാണ് പരിശീലനം നൽകിയത്.
2,000 സമൂസക്കുപകരം 300 സമൂസ മാത്രമാണ് മെഷീൻ വഴി ഉണ്ടാക്കാനായത്. ഇതേതുടർന്നാണ് പരാതിക്കാരൻ ജില്ല ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.