വളര്‍ത്തുമൃഗങ്ങളില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ് നായ്ക്കുട്ടികള്‍. സ്വന്തമായി ഒന്നിനെ വാങ്ങി അതിനെ സ്‌നേഹിക്കുവാനും ലാളിക്കുവാനും ആഗ്രഹിക്കാത്ത മൃഗസ്‌നേഹികള്‍ കാണില്ല.
അങ്ങനെ ഒരു ആഗ്രഹവുമായാണ് ചൈനയില്‍ യുവതി മൃഗങ്ങളെ വില്‍ക്കുന്ന കടയില്‍ നിന്നും നായ്ക്കുട്ടിയെ വാങ്ങാനായി പോയത്. തുടര്‍ന്ന് ജാപ്പനീസ് സ്പിറ്റ്‌സ് ഇനത്തില്‍പ്പെട്ട നായ്ക്കുട്ടിയെ വാങ്ങാനും തീരുമാനിച്ചു. ഒടുവില്‍ ഒരു നായ്ക്കുട്ടിയെ വാങ്ങി അവര്‍ വീട്ടിലെത്തി.
എന്നാല്‍ പ്രതീക്ഷിച്ചത് പോലെയല്ല കാര്യങ്ങള്‍ നടന്നത്. വീട്ടില്‍ കൊണ്ടുവന്ന് കൃത്യമായ പരിചരണങ്ങള്‍ നല്‍കിയിട്ടും നായയുടെ സ്വഭാവരീതികളൊന്നും കാണിക്കാതെ വന്നതോടെ യുവതിയ്ക്ക് സംശയമായി. ഒടുവില്‍ മൃഗശാല അധികൃതരെ സമീപിച്ചപ്പോഴാണ് താന്‍ വളര്‍ത്തുന്നത് നായ്ക്കുട്ടിയെയല്ല മറിച്ച് കുറുക്കനെയാണെന്ന് അവർ തിരിച്ചറിയുന്നത്.
വളര്‍ത്തുനായകളോട് സ്‌നേഹമുള്ള ഇവര്‍ 15000 രൂപ നല്‍കിയാണ് നായ്കുട്ടിയാണെന്ന് കരുതി കുറുക്കനെ വാങ്ങിയത്. വീട്ടിലെത്തിയ നായ ഒരിക്കല്‍പോലും കുരയ്ക്കുകയോ നായയുടെ പൊതുസ്വഭാവങ്ങള്‍ കാണിക്കുകയോ ചെയ്തില്ലായിരുന്നു.
ഡോഗ് ഫുഡ് കഴിക്കാന്‍ നല്‍കിയിട്ടും കഴിക്കാതിരുന്നതും യുവതിയ്ക്ക് സംശയമായി. നായ്ക്കളില്‍ ഉണ്ടാകുന്നതിനെക്കാള്‍ കട്ടിയുള്ള രോമങ്ങളും നീളമുള്ള വാലുമായിരുന്നു ആ മൃഗത്തിന്.
താന്‍ വളര്‍ത്തുന്നത് നായയല്ലന്ന് അറിഞ്ഞതോടെ യുവതി കുറുക്കനെ മൃഗശാല അധികൃതര്‍ക്ക് കൈമാറി. എന്നാല്‍ സ്‌നേഹിച്ച് വളര്‍ത്തിയ മൃഗത്തെ പിരിയാൻ അവർക്ക് സങ്കടമായി. പിന്നീട് എല്ലാ ദിവസവും യുവതി താന്‍ പട്ടിയാണെന്ന് കരുതി വളര്‍ത്തിയ കുറുക്കനെ കാണാന്‍ മൃഗശാല സന്ദര്‍ശിക്കുമായിരുന്നു.