ന്യൂയോർക്ക്: ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽനിന്നു യെമൻ വഴി സൗദിയിലേക്കു കുടിയേറാൻ ശ്രമിച്ച നൂറുകണക്കിനു പേരെ വെടിവച്ചും സ്ഫോടകവസ്തുക്കൾ പ്രയോഗിച്ചും വധിച്ചതിന്റെ റിപ്പോർട്ട് മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈസ്റ്റ് വാച്ച് പുറത്തുവിട്ടു.
2022 മാർച്ച് മുതൽ ഈ വർഷം ജൂൺ വരെ സൗദി അതിർത്തിരക്ഷാ ഗാർഡുകൾ നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് “അവർ ഞങ്ങളുടെ നേരെ മഴ പോലെ വെടിയുതിർത്തു” എന്ന റിപ്പോർട്ടിലാണു വിശദീകരിക്കുന്നത്.
മികച്ച ജീവിതം സ്വപ്നംകണ്ട് കടൽതാണ്ടി, ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലമർന്ന യെമനിലൂടെ സൗദിയിലെത്താൻ ശ്രമിച്ച സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണു ദുർവിധി നേരിട്ടത്.
ഉള്ള സന്പാദ്യം മുഴുവൻ എത്യോപ്യയിലെയും യെമനിലെയും മനുഷ്യക്കടത്തുകാർക്ക് നല്കിയാണ് ഏറെ അപകടം പിടിച്ച യാത്രയ്ക്ക് ഇവർ പുറപ്പെടുന്നത്.
വെടിയേറ്റ് അംഗഭംഗം നേരിട്ട് എത്യോപ്യയിൽ തിരിച്ചെത്തിയവരെ നേരിട്ടു കണ്ട ബിബിസി ചാനൽ പ്രവർത്തകർ കൂടുതൽ ഭയാനകമായ വിവരണങ്ങൾ നല്കുന്നുണ്ട്. യെമൻ അതിർത്തി കടക്കാൻ ശ്രമിക്കവേ സൗദി പട്ടാളക്കാരും പോലീസുമെല്ലാം തങ്ങൾക്കു നേർക്ക് വെടിയുതിർത്തതായി ഇവർ പറയുന്നു.
എത്ര പേർ കൊല്ലപ്പെട്ടുവെന്നതിനു പോലും കൃത്യമായ കണക്കില്ല. യാത്രയ്ക്കിടെ മരിച്ച അഭയാർഥികളുടെ ശവപ്പറന്പുകളുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു.
ആഫ്രിക്കയിൽനിന്ന് വർഷം രണ്ടു ലക്ഷം പേർ സൗദിയിലേക്കു കുടിയേറാൻ ശ്രമിക്കുന്നുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ അഭയാർഥി-കുടിയേറ്റ സംഘടന പറയുന്നത്.
അതേസമയം, കുടിയേറ്റക്കാർക്കു നേർക്ക് അതിക്രമം നടത്തുന്നുവെന്ന ആരോപണങ്ങൾ സൗദി അധികൃതർ നിഷേധിക്കുന്നതാണു പതിവ്.