പാരിപ്പള്ളി : നിശ്ചയം കഴിഞ്ഞ ശേഷം വിവാഹം തെറ്റിപിരിഞ്ഞതിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ ചർച്ചയ്ക്ക് എത്തിയവർക്ക് മർദ്ദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കല്ലുവാതുക്കൽ പാറയിൽ കാഞ്ചന മന്ദിരത്തിൽ ഉല്ലാസ് (29) ഉമേഷ് (31) കാരം കോട് തട്ടാരു കോണം സുരേഷ് ഭവനിൽ സുനീഷ് (29) തട്ടാരു കോണം വടക്കതിൽ പുത്തൻ വിള വീട്ടിൽ പ്രവീൺ (34)കല്ലുവാതുക്കൽ പാറയിൽ ചരുവിള പുത്തൻ വീട്ടിൽ വിഷ്ണു (26) കല്ലുവാതുക്കൽ വിലവൂർക്കോണം പുത്തൻ വീട്ടിൽ പ്രശാന്ത് (34) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച വൈകിട്ട് പാരിപ്പള്ളി പോലീസ്സ്റ്റേഷന് സമീപത്തു വച്ചായിരുന്നു മർദ്ദനം. യുവാവിനും പിതാവിനും മാതാവിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനുമാണ് മർദ്ദനമേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ- കല്ലുവാതുക്കൽ സ്വദേശിനിയായ യുവതിയും കുന്നിക്കോട് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നു.
എന്നാൽ വിവാഹ ഉടമ്പടിയിൽ നിന്നും വരന്റെ കൂട്ടർ പിന്മാറി. ഇത് സംബന്ധിച്ച് പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി എത്തി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പരാതിയെ തുടർന്ന് ഇരുകൂട്ടരെയും പോലീസ് ചർച്ചയ്ക്ക് വിളിച്ചിരുന്നു.
പോലീസ്സ്റ്റേഷനിൽ ചർച്ച കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിന്റെ ബന്ധുക്കളെ വാക്കുതർക്കത്തെ തുടർന്ന് മർദ്ദിച്ച് പരിക്കേല്പിക്കുകയായിരുന്നു.
പാരിപ്പള്ളി ഇൻസ്പെക്ടർ ഡി. ദിപുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.