കൊല്ലം: കുത്തേറ്റ് റെയിൽവേ പ്ലാറ്റ്ഫോമിൽ എത്തിയ യുവാവ് മരിച്ച സംഭവത്തിൽ പ്രതിയെക്കുറിച്ച് വ്യക്തതയില്ലാതെ പോലീസ്.
അഞ്ചാലുംമൂട് കാഞ്ഞാവെളി തെക്കേച്ചേരി കളിയിൽ ചിറയിൽ അബ്ദുൾ അസീസിന്റെ മകൻ അനീസ് (38) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.45 നാണ് കൊല്ലം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം തുടങ്ങുന്ന സ്ഥലത്ത് കുത്തേറ്റ നിലയിൽ കുഴഞ്ഞ് വീണ് കിടക്കുന്നത് കണ്ടത്.
ഉടൻ പോലീസ് എത്തി കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വയറ്റിലാണ് ഇയാൾക്ക് മാരകമായ കുത്തേറ്റത്.
മാഹിൻ എന്നയാളാണ് കുത്തിയതെന്ന് അനീസ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇയാൾ ആരാണെന്ന് വ്യക്തമല്ല.
ആന പാപ്പാനും അവിവാഹിതനുമായ അനീസിന് എവിടെ വച്ചാണ് കുത്തേറ്റതെന്ന് വ്യക്തമല്ല. അനീസിന് മാഹീൻ എന്ന് പേരുള്ള സുഹൃത്ത് ഇല്ല എന്നാണ് ഇയാളുമായി അടുപ്പമുള്ളവർ പോലീസിനോട് പറഞ്ഞിട്ടുള്ളത്. റെയിൽവേ പോലീസും ആർപിഎഫും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുത്തേറ്റ് വയറ്റിൽ പൊത്തിപ്പിടിച്ച് അനീസ് നടന്നു വരുന്ന സിസി ടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. റെയിൽവേ പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള പ്രദേശം വളരെ വിജനമാണ്.
മാത്രമല്ല ഇവിടം മദ്യപരുടെയും സാമൂഹിക വിരുദ്ധരുടെയും മയക്ക് മരുന്ന് മാഫിയയുടെയും വിഹാര കേന്ദ്രമാണ്. ഇവിടെ വച്ചാകും അനീസിന് കുത്തേറ്റതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.