ബോളിവുഡില്‍ തിളങ്ങി നില്ക്കുന്ന മലയാളിയായ താരമാണ് വിദ്യ ബാലന്. വിദ്യ കടന്നു വന്ന വഴികള്‍ വളരെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. ടെലിവിഷനിലൂടെ അഭിനയരംഗത്ത് എത്തിയ താരം അഭിനയിച്ച പതിമൂന്ന് സിനിമകള്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു, അതോടെ ഭാഗ്യമില്ലാത്ത നടിയെന്ന പേരും വിദ്യയ്ക്ക് വന്നിരുന്നു. അതില്‍ മലയാള സിനിമയും പെടുന്നുണ്ട്.
മോഹന്‍ലാലും വിദ്യ ബാലനും ഒരുമിക്കേണ്ടിയിരുന്ന ചിത്രമായിരുന്നു ചക്രം. പക്ഷെ പതിനഞ്ച് ദിവസത്തെ ഷൂട്ടിനുശേഷം അത് നിര്‍ത്തിവച്ചു. പിന്നീട് ഈ ചിത്രത്തിലേക്ക് പൃഥ്വിരാജും മീര ജാസ്മിനും എത്തി.
ആ സിനിമ ഉപേക്ഷിച്ചശേഷമുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് വിദ്യ ബാലന്.
ചിത്രം നിന്നു പോയശേഷം തന്നെ കാണാന്‍ ഒരു മലയാളി മാധ്യമ പ്രവര്ത്തകന് വന്നതിനെക്കുറിച്ചാണ് ഫിലിംഫെയറിന് നല്കിയ അഭിമുഖത്തില്‍ വിദ്യ പറഞ്ഞത്.
ചെമ്പൂരിൽ, കേരളത്തിലെ മലയാളം മാസികകളിൽ എഴുതുന്ന ഒരു മലയാളി പത്രപ്രവർത്തകനുണ്ടായിരുന്നു. അദ്ദേഹം ഒരിക്കല്‍ വീട്ടില്‍ വന്നു. ‘അവള്‍ക്ക് ഭാഗ്യമില്ല’ എന്നാണ് പറഞ്ഞത്. ലാൽ സാറും കമൽ സാറും എട്ട് സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്, അതെല്ലാം നന്നായി വരികയും ചെയ്തു.
പക്ഷെ ഇത്തവണ എന്താണ് പറ്റിയതെന്ന് അവര്‍ ചിന്തിച്ചു തുടങ്ങി. എന്നെ സിനിമകളില്‍നിന്നു മാറ്റാന്‍ തുടങ്ങി. നിന്നെക്കുറിച്ച് ഞാനൊരു വ്യാജ വാര്‍ത്ത കൊടുക്കാം, അത് കണ്ടാല്‍ നിനക്ക് അവസരം കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു.
ഞാന്‍ പക്ഷെ ആ വ്യാജവാര്‍ത്തയുടെ ഭാഗമാകാന്‍ തയാറായില്ല. അത് കേട്ട് എന്റെ അച്ഛന് എന്നെക്കുറിച്ച് ഒരുപാട് അഭിമാനം തോന്നിയിരുന്നു. ഇതുപോലൊരു സമയത്ത് മറ്റാരാണെങ്കിലും വീണു പോകുമായിരുന്നു പക്ഷെ നീ തയാറായില്ല എന്ന് അച്ഛന് പറഞ്ഞു. ഇത് ആത്മാഭിമാനത്തിന്റെ കാര്യമാണ്. എനിക്ക് പിച്ച വേണ്ട. ഒന്നുകില്‍ ശരിയായ രീതിയില്‍ കിട്ടണം അല്ലെങ്കില്‍ ഒന്നും വേണ്ട- വിദ്യ പറഞ്ഞു.