കൊച്ചി: ഹോട്ടല്‍ ഉടമയെ മര്‍ദിച്ച നാലംഗ സംഘത്തിലെ രണ്ടു പേരെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റു ചെയ്തു. മലപ്പുറം സ്വദേശികളായ രവീന് രാജേഷ്, അനുജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇവരുടെ സുഹൃത്തുക്കളും മലപ്പുറം സ്വദേശികളുമായ ഫവാസ്, ഷാഹിദ് എന്നിവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. യുവാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ പനമ്പിള്ളി നഗര്‍ ഉപ്പും മുളകും ഹോട്ടല്‍ ഉടമ സുല്‍ഫിക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ഹാര്‍ഡ് വെയര്‍ കമ്പനി ഉദ്യോഗസ്ഥരായ യുവാക്കള്‍ ഹോട്ടലില്‍ ഭക്ഷണം പാഴ്സലായി വാങ്ങാനെത്തിയതായിരുന്നു.
ഈ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചശേഷം പണം നല്‍കാതെ പോകുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതുകൊണ്ട് ഹോട്ടലുടമ പാഴ്സല്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ തന്നെ പണം ആവശ്യപ്പെടുകയായിരുന്നു.
ഇതില്‍ പ്രകോപിതരായ യുവാക്കള്‍ ഹോട്ടലുടമയുമായി അപ്പോള്‍ തന്നെ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. അതിനുശേഷം അവിടെനിന്ന് മടങ്ങിയ യുവാക്കള്‍ ഹോട്ടല്‍ അടയ്ക്കുന്ന സമയത്ത് വീണ്ടുമെത്തി ജീവനക്കാരുമായി ബഹളമുണ്ടാക്കിയ തുടര്‍ന്നു കൈയില്‍ കരുതിയിരുന്ന കത്തിപോലുള്ള ആയുധം ഉപയോഗിച്ച് സുല്ഫിക്കറെ ആക്രമിക്കുകയായിരുന്നു.
സുല്‍ഫിക്കറിന്റെ തോളിലും കൈകളിലും പരിക്കുണ്ടെങ്കിലും ഗുരുതരമല്ല. സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസല്‍, എസ്ഐ ശരത്ത് എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.