തലശേരി: യുഡിഎഫിലെ പ്രമുഖ ഘടകകക്ഷി നേതാവിനെ ഷാർജ വിമാനത്താവളത്തിൽ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തത് പത്ത് മണിക്കൂർ.
ദുരൂഹ സാഹചര്യത്തിൽ കസ്റ്റഡിയിലായ നേതാവിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥരും ഷാർജ പോലീസും പത്ത് മണിക്കൂർ തടഞ്ഞുവച്ച് ചോദ്യം ചെയ്യുകയും പരിശോധിക്കുകയും ചെയ്തതായി റിപ്പോർട്ട്.
നേതാവിൽനിന്ന് അറബ് രാജ്യത്തെ രാജകുടുംബാംഗത്തിന്റെ വിലപിടിപ്പുള്ള ബാഗ് കണ്ടെത്തിയതായും വിവരമുണ്ട്. സൗദ്യ അറേബ്യയിൽ നിന്ന് ഷാർജയിലെത്തിയ മുൻ എംഎൽഎ കൂടിയായ തീപ്പൊരി നേതാവിനെയാണ് ദുരൂഹ സാഹചര്യത്തിൽ എമിഗ്രേഷൻ വിഭാഗവും ഷാർജ പോലീസും ചേർന്ന് പരിശോധിച്ചത്.
ജിദ്ദ വിമാനത്താവളത്തിൽ നിന്നാണ് ഇദ്ദേഹം യുഎഇയിൽ എത്തിയത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ജിദ്ദ വിമാനത്താവളത്തിൽ വച്ച് രാജകുടുംബത്തിലെ വനിതയുടെ വിലപിടിപ്പുള്ള വസ്തുക്കൾ അടങ്ങിയ ബാഗ് നഷ്ടപ്പെടുകയായിരുന്നു.
പരിശോധനയിൽ ബാഗ് നേതാവിന്റെ ബാഗിനൊപ്പമുള്ളതായി കണ്ടെത്തുകയും വിവരം ഷാർജ വിമാനത്താവള അധികൃതർക്ക് കൈമാറുകയുമായിരുന്നു. വിമാനത്താവളത്തിലെത്തിയ ഉടൻ നേതാവിനെ അധികൃതർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പരിശോധനയിൽ ബാഗ് കണ്ടെത്തിയെങ്കിലും രാജകുടുംബത്തിന് പരാതി ഇല്ലാത്തതിനാൽ നേതാവിനെതിരേ നടപടി എടുത്തില്ലെന്നാണ് അറിയുന്നത്.
കൊണ്ടോട്ടി സ്വദേശിയായ പ്രമുഖ വ്യവസായിയും വിവാദ കെഎംസിസി നേതാവും ഇടപെട്ടാണ് നേതാവിനെ പുറത്തിറക്കിയതെന്നാണ് വിവരം. മലയാളികളായ വിമാനത്താവള ജീവനക്കാരാണു സംഭവം പുറത്തുവിട്ടത്.
അറബ് രാജ്യങ്ങളിലൂടെയുള്ള നേതാവിന്റെ യാത്ര സംബന്ധിച്ച വിവരങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ അധികൃതർ പത്ത് മണിക്കൂർ നീണ്ട നിരീക്ഷണത്തിനു ശേഷമാണ് നേതാവിനെ പുറത്തുവിട്ടത്.
ശക്തമായ ഗ്രൂപ്പ് രാഷ്ട്രീയം നിലനിൽക്കുന്ന ഘടകകക്ഷിയിൽ എതിർ ഗ്രൂപ്പുകാർ നടത്തിയ കെണിയിൽ യുവ നേതാവ് അകപ്പെട്ടതാണെന്നും സംസാരമുണ്ട്.