മയ്യിൽ: പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ സുഹൃത്തായ ചുമട്ടുതൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ എസ്ഐ കുറ്റം സമ്മതിച്ചതായി പോലീസ്.
പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊളച്ചേരിപ്പറമ്പിലെ കൊമ്പൻ ഹൗസിൽ സജീവനെ (55) യാണ് സുഹൃത്തും മയ്യിൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയുമായ എ. ദിനേശന്റെ വീടിനകത്ത് ഇന്നലെ രാത്രി ഏഴരയോടെ മരിച്ചനിലയിൽ കണ്ടെത്തിയത്.
പക്ഷാഘാതം കാരണം കുറച്ചുകാലമായി ദിനേശൻ ജോലിക്ക് പോകാറില്ലായിരുന്നു. പതിവായി മദ്യപിക്കുന്ന ഇരുവരും ഇന്നലെ വൈകുന്നേരം അടുക്കളഭാഗത്തെ വർക്ക് ഏരിയയിൽ മദ്യപിക്കുന്നതിനിടയിൽ വാക്കുതർക്കമുണ്ടായെന്നും വിറകുകൊളളിയെടുത്ത് കാലിന് അടിച്ചെന്നുമാണ് എസിപി ടി.കെ.രത്നകുമാറിനോട് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചത്.
സജീവന്റെ തലയ്ക്ക് മുൻഭാഗത്തും കാലിനും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. അടിയേറ്റ് വീണപ്പോഴാണോ ഈ മുറിവ് സംഭവിച്ചതെന്നും സംശയമുണ്ട്.
സംഭവം നടന്ന് സജീവന്റെ മൃതദേഹം രണ്ട് മണിക്കൂറോളം അടുക്കള മുറ്റത്ത് കിടക്കുകയായിരുന്നു. പുറത്തുപോയി വന്ന ഭാര്യയാണ് വിവരം നാട്ടുകാരെ അറിയിച്ചത്.
മയ്യിൽ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഉച്ചയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
പരേതനായ കുഞ്ഞപ്പയുടെയും ലീലയുടെയും മകനാണ് സജീവൻ. അങ്കണവാടി വർക്കറായ ഗീതയാണ് ഭാര്യ. മക്കൾ: സ്വേത (നഴ്സിംഗ് സ്റ്റുഡന്റ്, ബംഗളൂരു), ശ്രേയ (വിദ്യാർഥി). സഹോദരങ്ങൾ: പുഷ്പജൻ, മാലതി, ശോഭ, അനിത, അജിത.