തിരുവനന്തപുരം: വിഎസ്എസ്സി പരീക്ഷ തട്ടിപ്പു കേസിൽ വിശദമായ അന്വേഷണത്തിനായി തിരുവനന്തപുരത്തു നിന്നുള്ള പോലീസ് സംഘം ഡൽഹിയിലെത്തി.
ഡൽഹി, ഹരിയാന എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ഹൈടെക് പരീക്ഷ കോപ്പിയടിയുടെ ആസൂത്രണം ഹരിയാന കേന്ദ്രീകരിച്ചാണ് നടന്നതെന്ന് നേരത്തെ അറസ്റ്റിലായ പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഹരിയാന കേന്ദ്രീകരിച്ച് നടത്താൻ തീരുമാനിച്ചത്.സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജുവിന്റെ നിർദേശാനുസരണം പൂജപ്പുര എസ്എച്ച്ഒയും എഎസ്പിയുമായ ദീപക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണത്തിനായി ഹരിയാനയിലേക്ക് പോയത്. ഇന്നലെ രാത്രി വിമാനമാർഗമാണ് അന്വേഷണ സംഘം യാത്ര തിരിച്ചത്. രാവിലെ ഡൽഹിയിലെത്തി.
സൈബർ സെൽ വിഭാഗം ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. എഎസ്പി. ദീപക് ഹരിയാന സ്വദേശിയാണ്. കേസ് അന്വേഷണത്തിന് പ്രാദേശികമായുള്ള വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കാനും മറ്റ് പ്രതികളെ കണ്ടെത്താനും എഎസ്പി യുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നതിനാലാണ് കമ്മീഷണർ അന്വേഷണ സംഘത്തെ ഹരിയാനയിലേക്ക് അയച്ചത്.
മെഡിക്കൽ കോളജ്, മ്യുസിയം എന്നീ പോലീസ് സ്റ്റേഷനുകളിലാണ് ഹൈടെക്ക് കോപ്പിയടിയുമായി ബന്ധപ്പെട്ട് കേസുകൾ നിലവിലുള്ളത്.