തളിപ്പറമ്പ്: ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി.വിപിന്‍കുമാറും സംഘവും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ ലഹരി വസ്തുക്കളുമായി യുവതിയും യുവാവും പിടിയിലായി.
തളിപ്പറമ്പ് കുറ്റ്യേരി പൂവം സ്വദേശി പി. മുഹമ്മദ് മഷ്ഹൂദ്, അഴീക്കോട് സ്വദേശിനി സ്നേഹ എന്നിവര്‍ പിടിയിലായത്.
കോന്പിംഗ് ഓപ്പറേഷന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയ്ക്കിടെ തളിപ്പറമ്പ് റേഞ്ച് എക്സൈസ് സംഘത്തെ കണ്ട് സ്കൂട്ടറിൽ വെട്ടിച്ചുകടന്ന മഷ്ഹൂദിനെ അതിസാഹസികമായാണ് എക്സൈസ് സംഘം പിന്തുടര്ന്ന് പിടികൂടിയത്.
ഇവരിൽനിന്ന് 493 മില്ലിഗ്രാം മെത്താംഫിറ്റാമിനും ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽനിന്ന് പത്ത് ഗ്രാം കഞ്ചാവും കണ്ടെടുത്തു. യുവതിയുടെ പേരിലുള്ള സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
തളിപ്പറമ്പ് ഭാഗങ്ങളിൽ മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ മഷ്ഹൂദ് പലപ്പോഴായി ഇടനിലക്കാരെ ഉപയോഗിച്ച് മയക്കുമരുന്ന് വില്പന നടത്തിയിട്ടുണ്ട്.
മുഖ്യമായും സ്ത്രീകളെ ഉപയോഗിച്ച് വില്പന നടത്തുന്ന പ്രതി ഏറെ നാളായി എക്സൈസ് നിരീക്ഷണത്തിലാണ്. വിവാഹിതനാണെങ്കിലും പ്രതി മയക്കുമരുന്ന് വില്പന നടത്തുന്നതിന് പല സ്ത്രീകളുമായും ബന്ധം സ്ഥാപിച്ചിരുന്നുവത്രെ.
പ്രതിയെ പിടികൂടി ചോദ്യം ചെയ്തതിൽ നിന്നും ഇയാൾക്ക് ലഹരി വില്പനയ്ക്കായി കൈമാറ്റം ചെയ്ത ആളുകളുടെയും ഇയാളിൽ നിന്നും സ്ഥിരമായി മയക്കുമരുന്ന് വാങ്ങുന്നവരുടെയും വിവരങ്ങളും എക്സൈസിന് ലഭിച്ചിട്ടുണ്ട്.