തിരുവനന്തപുരം: വിഎസ്എസ്സി പരീക്ഷ കോപ്പിയടി കേസിൽ അന്വേഷണ സംഘം ഹരിയാനയിലെ കോച്ചിംഗ് സെന്റർ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
പുജപ്പുര എസ്എച്ച്ഒയും എഎസ്പിയുമായ ദീപക് ധൻകറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തിരുവനന്തപുരത്ത് നിന്നും ഹരിയാനയിൽ എത്തി അന്വേഷണം നടത്തുന്നത്.
മെഡിക്കൽ കോളജ് സിഐ, സൈബർ സെൽ ഉദ്യോഗസ്ഥർ ഉൾപ്പെട്ടവരാണ് ടീമിലുള്ളത്.കോപ്പിയടി കേസിൽ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഹൈടെക്ക് കോപ്പിയടിയുടെ ആസൂത്രണം ഹരിയാനയിലെ കോച്ചിംഗ് സെന്ററാണെന്ന് പോലീസിന് വിവരം ലഭിച്ചത്.
ചൈനീസ് നിർമിത ചാര ഉപകരണങ്ങളാണ് പ്രതികൾ കോപ്പിയടിക്കായി ഉപയോഗിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഹരിയാന പോലീസിന്റെ സഹായം കൂടി അന്വേഷണ സംഘം തേടിയിട്ടുണ്ട്.
എഎസ്പി ദീപക് ധൻകർ ഹരിയാന സ്വദേശിയാണ്. പ്രാദേശികമായ വിവര ശേഖരണം എളുപ്പത്തിൽ ലഭിക്കാൻ എഎസ്പിയുടെ മേൽനോട്ടം പ്രയോജനപ്പെടുമെന്നതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണർ സി.എച്ച്. നാഗരാജു അന്വേഷണത്തിനായി ദീപക്കിനെ ഹരിയാനയിലേക്ക് അയച്ചത്.
പരീക്ഷ എഴുതുകയും കോപ്പിയടിക്ക് വേണ്ടി സഹായം തേടി കോച്ചിംഗ് സെന്ററുകാരെ സമീപിച്ചവരുടെയും വിവരങ്ങൾ പോലീസ് ശേഖരിച്ചു .
ഹരിയാനയിലെ കോച്ചിംഗ് സെന്ററുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് സംഘ ം ചോദ്യം ചെയ്ത് വരികയാണ്. കുറ്റകൃത്യത്തിൽ പങ്കുള്ളവരെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തെത്തിയ്ക്കാനുള്ള നടപടികളാണ് അന്വേഷണ സംഘം നടത്തുന്നത്.