ലക്നോ: ഉത്തർപ്രദേശിൽ മുസ്ലിം വിദ്യാർഥിയെ സഹപാഠികൾ അധ്യാപികയുടെ നിർദേശപ്രകാരം മർദിച്ചു.സ്കൂളിലെ ജോലികൾ ചെയ്യാത്തതിന്റെ പേരിലായിരുന്നു അധ്യാപികയുടെ ക്രൂരകൃത്യം. മുസാഫർനഗറിലെ മൻസൂർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖബ്ബർപൂർ ഗ്രാമത്തിലാണ് സംഭവം.
ക്ലാസ് മുറിയിൽ മറ്റ് വിദ്യാർഥികളെ വരിയായി നിർത്തി ഊഴംവച്ച് കുട്ടിയെ തല്ലിക്കുകയായിരുന്നു. ശക്തമായി അടിക്കാൻ വിദ്യാർഥികളെ അധ്യാപിക പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഒരു വിദ്യാർഥിയോട് കുട്ടിയുടെ അരക്കെട്ടിൽ തൊഴിക്കാനും അധ്യാപക ആവശ്യപ്പെട്ടു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.
എന്നാൽ കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയിട്ടില്ല. സ്കൂളുമായി നടത്തിയ ഒത്തുതീർപ്പിലാണ് പരാതി നൽകണ്ടെന്ന് തീരുമാനമായത്.
കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റുമ്പോൾ സ്കൂളിലെ ഫീസ് തങ്ങൾക്ക് തിരികെ ലഭിക്കുമെന്നും പിതാവ് പറയുന്നു. കരാർ പ്രകാരമാണ് പരാതി നൽകാത്തതെന്നും അദ്ദേഹം പറഞ്ഞു.