വാഷിംഗ്ടൺ ഡിസി: ക്രിമിനൽ കേസിൽ അറസ്റ്റിലാകവേ പോലീസ് എടുത്ത ‘മഗ് ഷോട്ട്’ ഫോട്ടോ തെരഞ്ഞെടുപ്പു പ്രചാരണ ആയുധമാക്കി മുൻ യുഎസ് പ്രസിഡന്റ് ട്രംപ്.
വ്യാഴാഴ്ച അറ്റ്ലാന്റയിലെ ഫുൾട്ടൻ കൗണ്ടിയിൽ ജയിലിൽവച്ച് മഗ് ഷോട്ട് എടുക്കപ്പെട്ട ശേഷം ട്രംപിന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് 71 ലക്ഷം ഡോളർ സംഭാവന ലഭിച്ചതായി അദ്ദേഹത്തിന്റെ പ്രചാരണസംഘം അറിയിച്ചു. ടീഷർട്ട് തുടങ്ങിയവയുടെ വില്പനയിലൂടെയാണു ഭൂരിഭാഗം തുകയും ലഭിച്ചത്.
2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് രേഖപ്പെടുത്തപ്പെട്ട ട്രംപിനെ ജാമ്യത്തിൽ വിടുകയായിരുന്നു.
അടുത്ത വർഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന ട്രംപിനെതിരേ ചുമത്തപ്പെട്ട നാലാമത്തെ ക്രിമിനൽ കേസാണിത്. ട്രംപ്തന്നെ തന്റെ മഗ് ഷോട്ട് ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.