ഇടുക്കി: പോലീസുകാർക്കെതിരേ മോഷണക്കേസ് പ്രതികളുടെ ആക്രമണം. മോഷ്ടാക്കളെ പിടികൂടുന്നതിനിടയിൽ കായംകുളം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ദീപക്കിനു കുത്തേറ്റു. ഇന്നു പുലർച്ചെ രണ്ടോടെ ഇടുക്കി ചിന്നക്കനാൽ പവർഹൗസിൽ വച്ചാണു സംഭവം.
പോലീസുകാരായ ഷാനവാസ്, ഇല്യാസ് എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റ പോലീസുകാരെ മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീപക് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസിനെതിരേ പ്രതികൾ ആക്രമണം നടത്തുകയായിരുന്നു. ശാന്തൻപാറ പോലീസിന്റെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ മൂന്നു പേരെ പിടികൂടി.
ഷെമീർ ബാബു, ഫിറോസ്, മുഹമ്മദ്, മുനീർ എന്നിവരാണു പിടിയിലായത്. പ്രതികളിൽ മൂന്നു പേർ കായംകുളം സ്വദേശികളും ഒരാൾ ചിന്നക്കനാൽ സ്വദേശിയുമാണ്. ഒരാൾ കൂടി പിടിയിലാകാനുണ്ട്.
ആലപ്പുഴ ജില്ലയിലെ കരിയിലകുളങ്ങര, കായംകുളം സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളാണു പ്രതികൾക്കെതിരേയുള്ളത്.
മൂന്നാർ പോലീസെത്തി അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്. പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതികൾ ചിന്നക്കനാലിൽ ഉണ്ടെന്നു കണ്ടെത്തിയതോടെയാണ് പോലീസ് ഇവിടെയെത്തിയത്.
കസ്റ്റഡിയിലെടുത്ത് കായംകുളത്തേക്കു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പോലീസിനുനേരേ ആക്രമണം നടത്തിയത്. പ്രതികളുടെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.