ചിപ്പി ടി പ്രകാശ്
തൃശൂര്‍: നോക്കുവിന്‍ പ്രിയക്കൂട്ടരെ..ലോട്ടറി ടിക്കറ്റുകള്‍… നല്ല നമ്പറുകള്‍..എന്ന പാട്ടും പാടി ഓണം ബംബര്‍ ലോട്ടറിയുമായി മായാദേവി മാവേലി തൃശൂരിലെത്തി.
ഗുരുവായൂര്‍ സ്വദേശി മായാദേവിയാണ് മാവേലിയായി ലോട്ടറി വില്‍ക്കാല്‍ തൃശൂരിലെത്തിയത്. ഭാഗ്യക്കുറി വില്‍ക്കുന്ന വ്യത്യസ്തമായ ജീവിതം നയിക്കുകയാണ് മായാദേവി. മേക്കപ്പ് കലാവിരുതുണ്ടെങ്കില് സ്ത്രീകള്‍ക്കും മാവേലിയുടെ വേഷത്തില്‍ തിളങ്ങാമെന്ന് തെളിയിച്ചിരിക്കുകയാണ്.
മഹാബലി മാത്രമല്ല, കൃഷ്ണനായും ക്രിസ്മസ് പപ്പയായും ചാച്ചാജിയായും മായാദേവി വേഷങ്ങള്‍ മാറാറുണ്ട്. 14 വര്‍ഷമായി ലോട്ടറി വില്പന നടത്തിയാണ് മായാദേവി ജീവിത വരുമാനം നേടുന്നത്.
500 രൂപയെങ്കിലും കച്ചവടം ഉണ്ടാവണേ എന്ന് പ്രാര്‍ഥിച്ചാണ് ഓരോ ദിവസവും ലോട്ടറി വില്ക്കാന് ഇറങ്ങുന്നത്. ജീവിതവഴി തേടിയുള്ള തേടിയുള്ള യാത്രയില്‍ മകള്‍ ലക്ഷ്മിയുമായി എത്തിയത് ഗുരുവായൂര്‍ അമ്പലനടയിലാണ്.
ഗുരുവായൂര്‍ നടയില്‍ ശ്രീകൃഷ്ണനായെത്തുന്ന മായാദേവി ഭക്തര്‍ക്ക് മുമ്പില്‍ കണ്ടുമറക്കാത്ത ഭാഗ്യങ്ങളുടെ കൗതുകമാണ്. ഇപ്പോഴിതാ നഗരത്തില്‍ മഹാബലിയായി എത്തി ഓണസമ്മാനം നല്കി സ്റ്റാറാവുകയാണ്. സ്വന്തം ജീവിതത്തിലെ നിര്‍ഭാഗ്യങ്ങള്‍ നിറഞ്ഞതാണെങ്കിലും നിരാശയാകാതെ മറ്റുള്ളവര്‍ക്ക് ഭാഗ്യം നല്കുന്നതില് ഓണപ്പാച്ചിലിലാണ് മായാദേവി.