ട്രിനിഡാഡ്: ഫുട്ബോളിൽ അച്ചടക്കത്തിന്റെ വാൾ വീശുന്ന “കാർഡ് കളികൾ’ ട്വന്റി-20 ക്രിക്കറ്റിലും എത്തിക്കഴിഞ്ഞു. ഞായറാഴ്ച കരിബീയൻ പ്രീമിയർ ലീഗിൽ ആദ്യമായി പ്രയോഗിച്ച ചുവപ്പ് കാർഡ്, സമയക്ലിപ്തത പാലിക്കാനുള്ള ലോക ക്രിക്കറ്റിന്റെ പുതിയ തന്ത്രങ്ങളിലൊന്നാണ്.
സിപിഎൽ 2023 സീസണിലെ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് – സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പേട്രിയറ്റ്സ് മത്സരത്തിനിടെയാണ് അംപയർ ചുവപ്പ് കാർഡ് പുറത്തെടുത്തത്.
നിശ്ചിത സമയത്തിനുള്ളിൽ ഇന്നിംഗ്സിലെ 20 ഓവറും പൂർത്തിയാക്കാൻ നൈറ്റ് റൈഡേഴ്സിന് സാധിക്കാതെ വന്നതോടെ, സ്റ്റാർ സ്പിന്നർ സുനിൽ നരെയ്ൻ കാർഡ് വാങ്ങി കളിക്കളത്തിന് പുറത്തേക്ക് പോവുകയായിരുന്നു.
മത്സരത്തിന്റെ 19-ാം ഓവർ പൂർത്തിയായ വേളയിലാണ് സമയപരിധി ലംഘിച്ചെന്ന് കാട്ടി അംപയർ നൈറ്റ് റൈഡേഴ്സിന് ശിക്ഷ വിധിച്ചത്. മത്സരത്തിൽ ഒരു ഇന്നിംഗ്സ് ബൗൾ ചെയ്ത് പൂർത്തിയാക്കാനായി സിപിഎൽ അനുവദിച്ചിരിക്കുന്നത് 85 മിനിറ്റ് സമയമാണ്.
72 മിനിറ്റ് 15 സെക്കൻഡിൽ 17 ഓവറുകളും 80 മിനിറ്റ് 45 സെക്കൻഡിനുള്ളിൽ 19-ാം ഓവറും പൂർത്തിയാക്കണമെന്നാണ് ചട്ടം.
18, 19 ഓവറുകൾ പൂർത്തിയാക്കേണ്ട സമയം കഴിഞ്ഞാൽ യഥാക്രമം ഒരു ഫീൽഡറെയും രണ്ട് ഫീൽഡർമാരെയും 30 വാര സർക്കിളിനുള്ളിലേക്ക് കയറ്റിനിർത്തണമെന്ന നിബന്ധനയുമുണ്ട്.
20-ാം ഓവർ പൂർത്തിയാക്കേണ്ട സമയം പാലിച്ചില്ലെങ്കിൽ ഒരു കളിക്കാരനെ മൈതാനത്ത് നിന്ന് പുറത്താക്കുകയും വേണം.
ചുവപ്പ് കാർഡിനൊപ്പം നേരത്തെ ലഭിച്ച ശിക്ഷകൾ മൂലം ആകെ മൂന്ന് ഫീൽഡർമാർ അധികമായി സർക്കിളിനുള്ളിൽ വരുന്നതിനാൽ, രണ്ട് ഫീൽഡർമാർ മാത്രമാകും തുടർന്ന് 30 വാര സർക്കിളിന് പുറത്തുണ്ടാവുക.
ആദ്യ രണ്ട് “ഫീൽഡർ മാറ്റ’ ശിക്ഷകളും ഏറ്റുവാങ്ങിയതിന് ശേഷവും നിശ്ചിത സമയമെല്ലാം തെറ്റിച്ചതോടെയാണ് നൈറ്റ് റൈഡേഴ്സിന് അധികൃതർ ചുവപ്പ് കാർഡ് ശിക്ഷ വിധിച്ചത്.
ടീം നായകനായ കെയ്റോൺ പൊള്ളാർഡിന് നേർക്കാണ് അംപയർ കാർഡ് കാട്ടിയത്. തുടർന്ന്, നാല് ഓവറുകളും പൂർത്തിയാക്കിയ നരെയ്നെ പൊള്ളാർഡ് “ബലി നൽകുക’ ആയിരുന്നു. 10 പേരായി ചുരുങ്ങിയ നൈറ്റ് റൈഡേഴ്സിന് തുടർന്ന് രണ്ട് ഫീൽഡർമാരെ മാത്രമാണ് സർക്കിളിന് പുറത്ത് നിർത്താൻ സാധിച്ചത്.
ഇതോടെ പേട്രിയറ്റ്സ് അവസാന ഓവറിൽ 18 റൺസ് അടിച്ചെടുത്തു. എങ്കിലും മറുപടി ബാറ്റിംഗിലെ പൊള്ളാർഡ് കരുത്തിൽ 179 റൺസ് എന്ന വിജയലക്ഷ്യം നൈറ്റ് റൈഡേഴ്സ് വിജയകരമായി മറികടന്നു.