സെന്റ് ട്രോപ്പസ്: റസ്റ്ററന്റുകളിലെ വെയിറ്റർമാർ ടിപ്പ് കിട്ടാൻ പല അടവുകളും കാട്ടാറുണ്ട്. നിറഞ്ഞ ചിരിയോടെ സ്വീകരിക്കുന്നതു മുതൽ കഴിച്ചു തീരുംവരെ അവർ പിന്നാലെ ഉണ്ടാകും.
ബില്ല് നൽകിയാലും ഇവർ പിന്തിരിയില്ല. പണം വാങ്ങി കൗണ്ടറിൽ പോയി ബില്ലടച്ച് ബാക്കി നൽകിയശേഷവും അവിടെ നിൽക്കും. ചെറിയൊരു തുകയാണെങ്കിലും കിട്ടിയാൽ സന്തോഷം. ഒന്നും കിട്ടാതിരുന്നാൽ മുഖം വാടുമെന്നല്ലാതെ മറ്റു പ്രതികരണമൊന്നും സാധാരണ ഉണ്ടാകാറില്ല.
എന്നാൽ, ഫ്രാൻസിലെ തീരദേശ പട്ടണമായ സെന്റ് ട്രോപ്പസിലെ ഒരു റസ്റ്ററന്റിൽ ടിപ്പിനെച്ചൊല്ലി അടുത്തിടെ വലിയ പ്രശ്നമുണ്ടായി. ടിപ്പ് കൊടുക്കാത്തല്ല, കൊടുത്തത് കുറഞ്ഞുപോയതാണു പ്രശ്നമായത്.
ഭക്ഷണം കഴിച്ചയാൾ 500 യൂറോ (ഏകദേശം 45,000 രൂപ) വെയിറ്റർക്കു ടിപ്പായി നൽകി. അതിൽ കൂടുതൽ പ്രതീക്ഷിച്ച വെയിറ്റർ പ്രകോപിതനാവുകയും റസ്റ്ററന്റിൽനിന്നിറങ്ങിയ കസ്റ്റമറെ പിന്തുടരുകയുംചെയ്തു.
ബിൽ തുകയുടെ വെറും 10 ശതമാനം മാത്രമാണ് ടിപ്പ് നൽകിയതെന്നും ബില്ലിന്റെ 20 ശതമാനമെങ്കിലും വേണമെന്നും ഇയാൾ കസ്റ്റമറോട് ആവശ്യപ്പെട്ടു.
1,000 യൂറോ അതായത് 90,000 രൂപ എങ്കിലും തന്നെ മതിയാകൂ എന്നായിരുന്നു അയാളുടെ കടുംപിടിത്തം. ഇറ്റാലിയൻ വിനോദസഞ്ചാരിയെയാണ് വെയിറ്റർ ടിപ്പ് കുറഞ്ഞതിനു ശകാരിച്ചത്.
സംഭവത്തിൽ രോഷാകുലനായ വിനോദസഞ്ചാരി താനിനി സെന്റ് ട്രോപ്പസ് സന്ദർശിക്കില്ലെന്നു പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആഡംബര ഹോട്ടലുകൾക്കു പേരുകേട്ട സെന്റ് ട്രോപ്പസ് നഗരം ടിപ്പിന്റെ കാര്യത്തിൽ കുപ്രസിദ്ധവുമാണ്.