കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകില്ല.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കാണിച്ച് സുധാകരന് ഇഡിക്ക് കത്ത് നല്കി. സെപ്റ്റംബര്‍ അഞ്ചിന് ശേഷമുള്ള ഏതെങ്കിലും ദിവസം ഹാജരാകാമെന്നും കത്തില്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 22ന് ഇഡി സുധാകരനെ ഒമ്പത് മണിക്കൂറിലധികം സമയം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് 30ന് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇഡിയുടെ ചോദ്യം ചെയ്യലില്‍ ഭയപ്പാടില്ല. ഇഡി വേട്ടയാടുകയല്ല, തന്റെ മറുപടിയില്‍ അവര്‍ തൃപ്തരാണെന്നും മൊഴി നല്കിയ ശേഷം സുധാകരന് പ്രതികരിച്ചിരുന്നു.
ബാങ്ക് രേഖകള്‍ക്കൊപ്പം സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച രേഖകളും ഇന്ന് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.മോന്സന് മാവുങ്കലുമായുള്ള സാമ്പത്തിക ഇടപെടലിലാണ് ഇഡി സുധാകരനെ ചോദ്യം ചെയ്തത്.
സുധാകരന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ അക്കൗണ്ടിലേക്ക് പണം നല്‍കിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ സുധാകരനെ നേരത്തെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.
ഈ കേസില്‍ രണ്ടാം പ്രതിയാണ് സുധാകരന്. വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജരേഖ ചമയ്ക്കല്‍, യഥാര്‍ത്ഥ രേഖ എന്ന മട്ടില്‍ വ്യാജരേഖ ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങളും സുധാകരനെതിരേ ചുമത്തിയിരുന്നു.