ചുങ്കപ്പാറ: നാക്കില വച്ചു പൂഴിമണ്ണും വഞ്ചന, അനീതി, അവഗണന എന്നീവാക്കുകള്‍ കുറിച്ച പ്ലാകാര്‍ഡുകളും വിളമ്പി ഓണനാളില്‍ പൊന്തന്‍പുഴ സമരസമിതിയുടെ വ്യത്യസ്തമായ നിരാഹാര സമരം.
പതിറ്റാണ്ടുകളായി പട്ടയത്തിനു വേണ്ടി കാത്തിരിക്കുന്ന പെരുമ്പെട്ടി, പൊന്തന്‍പുഴ നിവാസികളാണ് പെരുമ്പെട്ടി വില്ലേജ് ഓഫീസ് പടിക്കല്‍ തിരുവോണനാളില്‍ പട്ടിണി സമരം നടത്തിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിഴവുമൂലം തെറ്റിധരിക്കപ്പെട്ട സ്വന്തം ഭൂമിയില്‍ വര്‍ഷങ്ങളായി പട്ടയം ലഭിക്കാതെ കാത്തിരിക്കുന്നവരാണിവര്‍.
ഭൂമിമിത്ര അവാര്‍ഡുനേടിയ പരിസ്ഥിതി പ്രവര്ത്തകന് വി. എന്‍ ഗോപിനാഥപിള്ളക്ക് ഹാരമണിയിച്ചു പ്രശസ്ത ഭൂസമര നായിക പി കൃഷ്ണമ്മാള്‍ സമരം ഉദ്ഘാടനം ചെയ്തു.
എസ്. ബാബുജി മുഖ്യപ്രഭാഷണം നടത്തി. പ്രദീപ്കുളങ്ങര വെയ്ക്കപ്പ് കേരള, ജോസ് കോട്ടയില്‍, ജെയിംസ് കണ്ണിമല, സന്തോഷ് പെരുമ്പെട്ടി എന്നിവര്‍ പ്രസംഗിച്ചു.വനമാണെന്ന തെറ്റിധാരണയില്‍ നിഷേധിക്കപ്പെട്ട പട്ടയം ഉടന്‍ ലഭിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.
65 വര്‍ഷമായി നടപ്പിലാക്കാത്ത 1958 ലെ വനം വിജ്ഞാപനം നടപ്പിലാക്കിട്ടണം. വനത്തിന്റെ അതിര്‍ത്തി പരിശോധനയുടെ ഇടക്കാല റിപ്പോര്‍ട്ട് അംഗീകരിച്ചു 1964 ലെ കേരള ഭൂമി പതിവുചട്ടം അനുസരിച്ച് പട്ടയം ലഭിക്കണം.