ലീബ്രെവിൽ: മധ്യആഫ്രിക്കൻ രാജ്യമായ ഗാബോണിൽ സൈന്യം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തു. പ്രസിഡന്റ് അലി ബോംഗോ(64)യെയും കുടുംബത്തെയും വീട്ടുതടങ്കലിലാക്കിയെന്നു പട്ടാള നേതാക്കൾ ടിവിയിലൂടെ അറിയിച്ചു. ബോംഗോയുടെ മൂത്ത മകൻ നൂറുദ്ദീൻ ബോംഗോ വാലന്റൈനെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്തു.
14 വർഷമായി ഗോബോൺ ഭരിക്കുന്ന ബോംഗോ ഓഗസ്റ്റ് 26നു നടന്ന തെരഞ്ഞെടുപ്പിൽ മൂന്നാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടതായി ഇലക്ഷൻ കമ്മീഷൻ അറിയിച്ചു മണിക്കൂറുകൾക്കകമാണ് അട്ടിമറിയുണ്ടായത്. അര നൂറ്റാണ്ടായി രാജ്യം ബോംഗോ കുടുംബത്തിന്റെ ഭരണത്തിലാണ്.
ഒരു ഡസൻ പട്ടാളക്കാരാണ് ഇന്നലെ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട് ഭരണം പിടിച്ചെടുത്തതായി അറിയിച്ചത്. പ്രസിഡൻഷ്യൽ ഗാർഡുകൾ, പട്ടാളം, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
തെരഞ്ഞെടുപ്പുഫലം റദ്ദാക്കിയതായി ഇവർ പ്രഖ്യാപിച്ചു. സെനറ്റ്, ദേശീയ അസംബ്ലി, ഭരണഘടനാ കോടതി തുടങ്ങിയ സ്ഥാപനങ്ങളെല്ലാം പിരിച്ചുവിട്ടു. ഇനിയൊരു അറിപ്പുണ്ടാകുന്നതുവരെ അതിർത്തിയും അടച്ചു.