കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുന്‍ മന്ത്രിയും ഇപ്പോൾ എംഎൽഎയുമായ എ.സി. മൊയ്തീന് വീണ്ടും നോട്ടീസ്.
ഇന്ന് ഹാജരാകാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച ഹജരാകണമെന്ന് കാണിച്ചാണ് ഇഡി നോട്ടീസ് നല്‍കിയിട്ടുള്ളത്. പത്തു വര്‍ഷത്തെ നികുതി രേഖകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
തുടര്‍ച്ചയായ ബാങ്ക് അവധി കാരണം ഈ രേഖകള്‍ ലഭ്യമായില്ലെന്ന് വ്യക്തമാക്കിയാണ് എ.സി. മൊയ്തീന് ഇന്ന് ഹാജരാകാതിരുന്നത്. അതേസമയം ബാങ്കിന്റെ മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, കമ്മീഷന് ഏജന്റെന്ന് ഇഡി സംശയിക്കുന്ന പി.പി. കിരണ്‍, എ.സി. മൊയ്തീന്റെ ബിനാമിയെന്ന് ഇഡി ആരോപിക്കുന്ന അനില്‍ സേഠ് എന്നിവരെ ഇന്നലെ ഇഡി ചോദ്യം ചെയ്തു.
മണിക്കൂറുകളോളം ചോദ്യം ചെയ്യലില്‍ നിര്‍ണായ വിവരങ്ങള്‍ ലഭ്യമായതായാണ് വിവരം. ഇവരില്‍നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലായിരിക്കും എ.സി. മൊയ്തീനെ ചോദ്യം ചെയ്യുക. അനില്സേഠിന്റെ വീട്ടില്‍ ഇഡിയുടെ പരിശോധന നടന്നിരുന്നു.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 22ന് ഇഡി എ.സി. മൊയ്തീന്റെ വീട്ടില്‍ 22 മണിക്കൂറോളം നീണ്ടുനിന്ന റെയ്ഡ് നടത്തിയിരുന്നു. ബാങ്കിലെ കോടികള്‍ വരുന്ന നിക്ഷേപങ്ങള്‍ 2016-18 കാലത്ത് അനധികൃത വായ്പ നല്കി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
125 കോടിയിലേറെ രൂപ തട്ടിച്ചുവെന്നാണ് കണക്കുകള്‍. അന്ന് സഹകരണ മന്ത്രിയായിരുന്ന എ.സി. മൊയ്തീന് ഇതിനു കൂട്ടുനിന്നെന്നും ആരോപണമുണ്ട്.
തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് പിന്നില്‍ എ.സി. മൊയ്തീനാണെന്ന നിലപാടിലാണ് ഇഡി. ഇദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനക്ക് ശേഷമാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയിട്ടുള്ളത്.
ബാങ്ക് അംഗങ്ങള്‍ അല്ലാത്തവര്‍ക്കാണ് ഇത്തരത്തില്‍ വായ്പ അനുവദിച്ചതെന്നും പാവപ്പെട്ടവരുടെ ഭൂമി അവരറിയാതെ ബാങ്കില്‍ പണയപ്പെടുത്തിയെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍.