ചെറായി: വിവാഹാഭ്യർഥനയുമായി ചെന്ന് പെൺകുട്ടിയുടെ പിതാവിനെ വീട്ടിൽ കയറി മർദിച്ച ബസ് കണ്ടക്ടർ റിമാൻഡിൽ. കൊടുങ്ങല്ലൂർ മേത്തല സ്വദേശി പറവൂർ വടക്കേക്കര ചക്കുമരശേരി ഭാഗത്ത് വാടകക്ക് താമസിക്കുന്ന മേപ്പറമ്പ് ആഷിക് (23) നെ ഞാറക്കൽ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്.
തിരുവോണ ദിനത്തിൽ രാത്രി എട്ടോടെ അയ്യമ്പിള്ളിയിലായിരുന്നു സംഭവം. വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തുന്ന സാധിക, യാസിൻ എന്നീ സ്വകാര്യ ബസുകളിൽ കണ്ടക്ടറായി ജോലി ചെയ്യുന്നയാളാണ് പ്രതി .
കോളജ് വിദ്യാർഥിനി ആയ പെൺകുട്ടി ബസിൽ കയറുന്ന പരിചയം വച്ചാണ് ഇയാൾ വിവാഹ അഭ്യർഥനയുമായി പെൺകുട്ടിയുടെ വീട്ടിൽ ചെന്നത്.
എതിർപ്പ് അറിയിച്ചതോടെ കയ്യിൽ ധരിച്ചിരുന്ന ഇടിവള ഉപയോഗിച്ച് പെൺകുട്ടിയുടെ പിതാവിന്റെ നെഞ്ചിൽ ഇടിക്കുകയായിരുന്നു.
മകളെ വിവാഹം ചെയ്തു തന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിയും മുഴക്കിയത്രേ. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവച്ച് മുനമ്പം പോലീസിലേൽപിക്കുകയായിരുന്നു.
നേരത്തെ പറവൂർ പോലീസ് സ്റ്റേഷനിൽ അടി പിടിക്കേസിൽ പ്രതിയായ കണ്ടക്ടർ 10 കിലോ കഞ്ചാവുമായി ആന്ധ്രയിൽ പിടിയിലാകുകയും ഒന്നര വർഷം ജയിൽ ശിക്ഷ അനു ഭവിക്കുകയും ചെയ്തിട്ടുളളതായി പോലീസ് അറിയിച്ചു.