കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശിനി കെ.കെ. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പോലീസിന്റെ നിലപാടിനെതിരേ ഡോക്ടർമാരുടെ സംഘടന പ്രതിഷേധമുയർത്തിയതിനിടെ, കൂടുതൽ ഡോക്ടർമാരെ പ്രതികളാക്കി പ്രതിപ്പട്ടിക തയാറാക്കി നടപടികൾ കടുപ്പിച്ച് പോലിസ്.
പുതിയതായി പ്രതികളെ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് നാളെ കോടതിയിൽ നൽകുമെന്ന് കേസന്വേഷിക്കുന്ന മെഡിക്കൽ കോളജ് എസിപി കെ. സുദർശനൻ പറഞ്ഞു.
പ്രസവ ശസ്ത്രക്രിയ നടത്തിയ കോഴിക്കോട് മെഡിക്കൽ കോളജിലെ ഒരു സീനിയർ ഡോക്ടർ, രണ്ട് പിജി ഡോക്ടർമാർ, രണ്ട് നഴ്സുമാർ എന്നിവരാണ് പ്രതികൾ.
നേരത്തെ ഹർഷിന നൽകിയ പരാതിയിൽ മെഡിക്കൽ കോളജ് സൂപ്രണ്ട്, ഗൈനക്കോളജി വിഭാഗം മേധാവി, ശസ്ത്രക്രിയ ചെയ്ത ഒരു ഡോക്ടർ എന്നിവരെയാണ് പ്രതികളായി പോലീസ് ചേർത്തിരുന്നത്.
സൂപ്രണ്ട്, ഗൈനക്കോളജി വിഭാഗം തലവൻ എന്നിവരെ ഒഴിവാക്കി 2017ൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയവരുടെ പേരുകളാണിപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
പുതിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതോടെ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും അറസ്റ്റിലേക്ക് നീങ്ങാനാണ് പോലീസിന്റെ നീക്കം.
2017 ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.