കോഴിക്കോട്: തിരുവോണനാളിൽ നാട്ടുകാർ നോക്കിനിൽക്കേ കുന്ദമംഗലത്തുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച അഞ്ചംഗ സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി നാട്ടുകാരുടെ കൈയടി നേടി പോലീസ്.
മലപ്പുറം കാളികാവ് സ്വദേശികളായ സുഹൈൽ, മുഹമ്മദ് മുർഷിദ്, തജ്ദാർ, ഫിറോസ്, അബ്ദുൽ ജലീൽ എന്നിവരാണ് കുന്നമംഗലം, കാളികാവ് പോലീസിന്റെ സംയുക്ത നീക്കത്തിലൂടെ പിടിയിലായത്. പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കടം കൊടുത്ത പണം നൽകിയില്ലെന്ന് ആരോപിച്ച് ചൊവ്വാഴ്ച രാത്രി മൂഴിക്കൽ സ്വദേശി ഹർഷാദ്അലിയെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്.
ഓട്ടോറിക്ഷ തടഞ്ഞ് പ്രതികൾ ഹർഷാദ് അലിയെ വലിച്ചിഴച്ച് കാറിൽ കയറ്റുന്നതിന്റെ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.
ഇതിൽനിന്ന് പോലീസിന് പ്രതികൾ സഞ്ചരിച്ച കാറിനെക്കുറിച്ച് വിവരം ലഭിച്ചതാണ് നിർണായകമായത്. കുന്നമംഗലം പോലീസ് ഉടൻതന്നെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് സന്ദേശം നൽകി.
കാറിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാളികാവിലെ ഒരു ചിക്കൻഫാമിൽ ഹർഷാദ്അലിയെ തടങ്കലിൽ വച്ചിട്ടുണ്ടെന്ന് സൂചന ലഭിച്ചു. തുടർന്ന് കാളികാവ് പോലീസ് സ്ഥലത്തെത്തി ഹർഷാദ് അലിലെ മോചിപ്പിക്കുകയായിരുന്നു.
കുന്നമംഗലത്തിനടുത്തുള്ള കാരന്തൂരിൽ തിരക്കേറിയ റോഡ് തടസപ്പെടുത്തിയാണ് പ്രതികൾ ഹർഷാദ് അലിയെ തട്ടിക്കൊണ്ടുപോയത്. ബൈക്കിൽ കളന്തോടേക്ക് പോവുകയായിരുന്നു ഹർഷാദ് അലി.
തന്നെ ഒരു സംഘം പിന്തുടരുന്നതായ സൂചനയെ തുടർന്ന് അദ്ദേഹം കുന്നമംഗലത്തുള്ള ഒരു പെട്രോൾ പന്പിൽ ബൈക്ക് വച്ചശേഷം ഓട്ടോയിൽ യാത്ര തുടർന്നു.
ഈ സമയം തിരക്കേറിയ റോഡ് തടസപ്പെടുത്തിയശേഷം പ്രതികൾ ഹർഷാദ് അലിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
പ്രതികളിലൊരാളായ സുഹൈലിന്റെ സ്ഥാപനത്തിൽ ഹർഷാദ്അലി മുന്പ് മാർക്കറ്റിംഗ് മാനേജരായി ജോലി ചെയ്തിരുന്നു. ജോലി ചെയ്തിരുന്ന സമയത്ത് ഹർഷാദ് അലി സുഹൈലിന് നാലുലക്ഷത്തോളം രൂപ നൽകാനുണ്ടായിരുന്നുവെന്നും അത് കിട്ടാതെ വന്നപ്പോഴാണ് തട്ടിക്കൊണ്ടുപോയതെന്നും പോലിസ് പറഞ്ഞു. മൂഴിക്കലിൽ ചിക്കൻ ഫാം നടത്തുകയാണ് ഹർഷാദ് അലി.