തമിഴ്നാട് വിജിലന്‍സിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. ഭരണം മാറുന്നതിന് അനുസരിച്ച് അന്വേഷണ ഏജന്‍സി നിറം മാറുകയാണെന്നും വിജിലന്‍സിന് ഓന്തിന്റെ സ്വഭാവമാണെന്നും കോടതി കുറ്റപ്പെടുത്തി.
ഡിഎംകെ മന്ത്രിമാരുള്‍പ്പെട്ട കേസുകളില്‍ സ്പെഷ്യല്‍ കോടതികളും വിജിലന്‍സ് പറയുന്ന വാദങ്ങള്‍ അംഗീകരിച്ചുകൊടുക്കുകയാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
ഇത്തരം അട്ടിമറി ശ്രമങ്ങളുടെ തുടക്കമാണ് ഒപിഎസ് കേസില്‍ കണ്ടതെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു.
തമിഴ്നാട്ടിലെ എംപിമാരേയും എംഎല്‍എമാരേയും കുറ്റവിമുക്തരാക്കിയ കൂടുതല്‍ കേസുകള്‍ പുനഃപരിശോധിക്കാന്‍ കോടതി തീരുമാനിക്കുന്നുണ്ടെന്നാണ് സൂചന.
”മന്ത്രിമാരെ കേസുകളില്‍ നിന്ന് രക്ഷിക്കാന്‍ വിജിലന്‍സിന് പ്രത്യേക പദ്ധതിയുണ്ട്. വിജിലന്‍സിന് ഓന്തിന്റെ സ്വഭാവമാണ്. ഭരണം മാറുന്നതിന് അനുസരിച്ച് അവര്‍ നിറം മാറുകയാണ്. പ്രത്യേക കോടതികളെ ഉപയോഗിച്ചുള്ള അട്ടിമറി തുടങ്ങിയത് ഒപിഎസ് കേസിലാണ്. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വ്യത്യസ്ഥ നിയമം എന്നത് അനുവദിക്കാനാകില്ല. ഇത് തൊലിപ്പുറത്തെ ചെറിയ കുരുവാണോ അതോ അര്‍ബുദമായി പടര്‍ന്നിട്ടുണ്ടോയെന്നത് കോടതി കണ്ടെത്തും. നീതിന്യായ വ്യവസ്ഥയെ പരാജയപ്പെടുത്തുന്നത് ഹൈക്കോടതിക്ക് കണ്ണുകെട്ടി നോക്കിയിരിക്കാനാകില്ല. എംപിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട നിരവധി കേസുകളില്‍ പരാതി ലഭിക്കുന്നുണ്ട്. മന്ത്രിമാരെയും എംഎല്‍എമാരെയും കുറ്റവിമുക്തരാക്കിയ എല്ലാകേസുകളും പരിശോധിക്കുകയാണ്. ഏതിലെല്ലാം ചട്ടലംഘനമുണ്ടായോ അതിലെല്ലാം പുനപരിശോധനയുണ്ടാകും.” ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം മുന്‍മുഖ്യമന്ത്രി ഒ പനീര്‍ സെല്‍വത്തെ വെറുതെവിട്ട ഉത്തരവ് പുനപ്പരിശോധിക്കുമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
അനധികൃത സ്വത്തു സമ്പാദന കേസിലായിരുന്നു സ്വമേധയാ റിവിഷന്‍ നടപടിക്കുള്ള ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കിടേഷിന്റെ അസാധാരണനീക്കം.
ഒപിഎസിനെ വെറുതെ വിട്ട 2012ലെ ശിവഗംഗ സിജെഎം കോടതി ഉത്തരവാണ് ഹൈക്കോടതി പുനഃപരിശോധിക്കുന്നത്. ഇതില്‍ വിജിലന്‍സിനും ഒപിഎസിനും കോടതി നോട്ടീസ് അയച്ചു.
മൂന്ന് ഡിഎംകെ മന്ത്രിമാര്‍ ഉള്‍പ്പെട്ട മറ്റൊരു കേസില്‍ റിവിഷന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കോടതിയുടെ ഈ നടപടി.