ജിബിന്‍ കുര്യന്
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം ഞായറാഴ്ച സമാപിക്കാനിരിക്കെ പ്രചാരണപ്പാച്ചിലിലാണ് യുഡിഎഫ്-എൽഡിഎഫ്-എൻഡിഎ മുന്നണികൾ. പൊള്ളുന്ന ചൂടു വകവയ്ക്കാതെ പ്രചാരണച്ചൂടിലാണ് ചാണ്ടി ഉമ്മനും ജെയ്ക് സി. തോമസും ലിജിന്‍ ലാലും.
ചാണ്ടി ഉമ്മനു ഭൂരിപക്ഷം കുറഞ്ഞാല്‍ ഉത്തരവാദിത്വം തനിക്കാകുമെന്നു പ്രഖ്യാപിച്ചു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലാണ് യുഡിഎഫ് പ്രചാരണം. യുഡിഎഫിന്റെ വാർ റൂം നായകനായാണ് പ്രതിപക്ഷനേതാവിന്റെ പ്രവർത്തനം.
കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്, പി.കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളീധരന്, ഉള്‍പ്പെടെയുള്ളവരും മണ്ഡലത്തിലുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ വീടുകളില്‍ എത്തി എല്ലാവരെയും പോളിംഗ് ബൂത്തിലെത്തിക്കാനുള്ള ശ്രമവും തുടരുന്നു.
യുഡിഎഫ് ക്യാമ്പിന് ആവേശം പകര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി ഇന്നു പുതുപ്പളളിയില്‍ പ്രചാരണത്തിനെത്തും. എ.കെ. ആന്റണി പ്രചാരണത്തിനായി ആദ്യമായാണ് മണ്ഡലത്തിലെത്തുന്നത്.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ആന്റണിയുടെ വരവു വലിയ ആവേശത്തോടെയാണ് യുഡിഎഫ് ക്യാമ്പ് ഏറ്റെടുത്തിരിക്കുന്നത്. വൈകിട്ട് നാലിന് പുതുപ്പള്ളിയിലും ആറിന് അയര്ക്കുന്നത്തുമാണ് ആന്റണിയുടെ പൊതുയോഗങ്ങള്‍.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗമായി തെരഞ്ഞെടുക്കപ്പെട്ട ശശി തരൂര്‍ നാളെയും മറ്റന്നാളും മണ്ഡലത്തിലുണ്ടാകും. നാളെ വൈകിട്ട് ആറിന് പാമ്പാടിയില്‍ ശശി തരൂര്‍ പ്രസംഗിക്കും.
യോഗത്തിനു മുന്നോടിയായി മണര്‍കാട് മുതല്‍ പാമ്പാടി വരെ സ്ഥാനാര്‍ഥിയോടൊപ്പം റോഡ് ഷോയുമുണ്ട്. അയര്‍ക്കുന്നത്തും റോഡ് ഷോയില്‍ ചാണ്ടി ഉമ്മനൊപ്പം ശശി തരൂര്‍ പങ്കെടുക്കും.
മുഖ്യമന്ത്രിയുടെ പ്രസംഗം ഇന്ന് മൂന്നിടത്ത്
പ്രചാരണപരിപാടികളുടെ കലാശക്കൊട്ടിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു പുതുപ്പള്ളിയിലെത്തും. ഇതിനു മുമ്പ് രണ്ടു ദിവസങ്ങളിലയി അഞ്ചു പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു.
ഇന്നു മൂന്നു പഞ്ചായത്തുകളിലെ മൂന്നു പൊതുയോഗങ്ങളില്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് അകലക്കുന്നം പഞ്ചായത്തിലെ മറ്റക്കര മണല്‍ ജംഗ്ഷനിലും നാലിനു പാമ്പാടിയിലും അഞ്ചിനു വാകത്താനത്തുമാണ് മുഖ്യമന്ത്രിയുടെ പൊതുയോഗം.
വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും വിവാദ വിഷയങ്ങളില്‍ മൗനവുമാണ് മുമ്പ് രണ്ടു തവണ എത്തിയപ്പോഴും മുഖ്യമന്ത്രി സ്വീകരിച്ചത്. ഇന്ന് മുഖ്യമന്ത്രി പ്രസംഗിക്കുന്ന അവസാന വേദിയായ വാകത്താനം പഞ്ചായത്തിലൂടെയാണ് കെ-റെയിലിന്റെ നിര്‍ദിഷ്ട അലൈന്മെന്റ് കടന്നുപോകുന്നത്. മാടപ്പളളി കേന്ദ്രമായുള്ള കെ-റെയില്‍വിരുദ്ധ സമരസമിതിയുടെ അനശ്ചിതകാല സമരത്തിന്റെ അഞ്ഞൂറാം ദിവസവും ഇന്നാണ്.
റോഡ് ഷോയുമായി കേന്ദ്രമന്ത്രിയും
കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പം വന്‍ റോഡ് ഷോയിലൂടെ പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ് ലിജിന്‍ ലാല്‍. ഡോ. രാധാമോഹന്‍ അഗര്‍വാൾ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, അനിൽ ആന്റണി, മറ്റു ദേശീയ-സംസ്ഥാന നേതാക്കൾ ആഴ്ചകളായി പുതുപ്പള്ളിയിലാണ്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞദിവസം പ്രചാരണത്തിനെത്തിയിരുന്നു.