ഷൈബിന് ജോസഫ്
കാസര്‍ഗോഡ്: കയ്യൂര്‍ സമരചരിത്രം തിരുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരേ സിപിഐക്കുള്ളില്‍ കടുത്ത അമര്‍ഷം. കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഞ്ചാമത്തെ വ്യക്തിയായ ചൂരിക്കാടന്‍ കൃഷ്ണന് നായര്‍ക്ക് പകരം ആ സ്ഥാനത്ത് ഇ.കെ.നായനാരുടെ പേര് ഉള്‍പ്പെടുത്തിയ ജയില്‍ വകുപ്പിന്റെ നടപടി ഇതുവരെയും തിരുത്താത്തതിനെതിരേയാണ് പ്രതിഷേധം ശക്തമാകുന്നത്.
ഇന്നലെ ചെറുവത്തൂര്‍ ഫാര്‍മേഴ്സ് ബാങ്ക് ഹാളില്‍ എഐടിയുസി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സി.എച്ച്. കൃഷ്ണന് ജന്മശതാബ്ദി ആഘോഷവേളയില്‍ സിപിഐ സംസ്ഥാന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരന് എംഎല്‍എ നടത്തിയ പ്രസംഗമാണ് വിഷയം വീണ്ടും ചര്‍ച്ചയാകാന്‍ കാരണം.
കയ്യൂര്‍ സമരചരിത്രരേഖകളില് പോലും വെട്ടും തിരുത്തും നടത്തുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ഡല്‍ഹിയില്‍ മാത്രമല്ല നമ്മുടെ ഗ്രാമങ്ങളില്‍ പോലും ചരിത്രസംഭവങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ വെള്ളം ചേര്‍ക്കപ്പെടുകയാണെന്നും ചരിത്രം സൃഷ്ടിക്കപ്പെട്ട വ്യക്തികളെ ബോധപൂര്‍വം ഒഴിവാക്കുകയും ചരിത്രത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്ന കാഴ്ച നമുക്ക് ചുറ്റും നടക്കുന്നതെന്നുമാണ് ഇ. ചന്ദ്രശേഖരൻ തുറന്നടിച്ചത്.
ഇതാദ്യമായാണ് ഇ. ചന്ദ്രശേഖരന് പൊതുവേദിയില്‍ സിപിഎമ്മിനെ പരോക്ഷമായെങ്കിലും വിമര്‍ശിക്കുന്നതെന്നും ശ്രദ്ധേയമാണ്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്ത് നടത്തിയ കണ്ണൂര്‍ ഫെസ്റ്റിലാണ് ജയില്‍ വകുപ്പിന്റെ പവലിയനില്‍ ചരിത്രത്തെ വളച്ചൊടിച്ച പ്രസ്താവനയുള്ളത്. “1943 മാര്‍ച്ച് 29ലെ ഒരു പ്രഭാതം
മതില്‍ക്കെട്ടുകള്‍ പ്രകമ്പനം കൊള്ളിച്ച ഇന്‍ക്വിലാബ് വിളികളോടെ നാലുപേര്‍ തൂക്കുമരത്തിന് ചുവട്ടിലേക്ക് നിര്‍ഭയം നടന്നുനീങ്ങി.
ജന്മി നാടുവാഴിത്തത്തിനെതിരെ പോരാടിയ മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ഠന്‍, പൊടോര കുഞ്ഞമ്പു നായര്‍, പള്ളിക്കല്‍ അബൂബക്കര്‍ എന്നീ കയ്യൂര്‍ സമരഭടന്മാര് യഥാര്‍ഥ രാജ്യസ്നേഹികളായി ജനഹൃദയങ്ങളില്‍ ജീവിച്ചു.
എന്നാല്‍ കേസില്‍ മൂന്നാമതായി പ്രതിചേര്‍ക്കപ്പെട്ട ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതിന്റെ ആനുകൂല്യത്തില്‍ വിട്ടയക്കപ്പെടുകയും പിന്നീട് കേരളചരിത്രത്തിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുകയും ചെയ്തു. അദ്ദേഹമാണ് ഇ.കെ.നായനാര്‍” എന്നായിരുന്നു രേഖപ്പെടുത്തിയത്.
എന്നാല്‍ ഇതു തെറ്റാണെന്ന് ചരിത്രരേഖകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മുപ്പത്തിരണ്ടാം പ്രതിയായ ചൂരിക്കാടന്‍ കൃഷ്ണന് നായരെ ആണ് വധശിക്ഷയ്ക്ക് വിധിച്ചതെന്ന് വിധി പ്രസ്താവിച്ച മംഗലാപുരത്തെ സൗത്ത് കാനറ സെഷന്‍സ് കോടതി രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അന്ന് അദ്ദേഹത്തിന് 15 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതിനാല്‍ ശിക്ഷ ജീവപര്യന്തം തടവായി പരിമിതപ്പെടുത്തുകയായിരുന്നു.
കേസില്‍ മൂന്നാം പ്രതിയാണ് ഇ.കെ. നായനാര്‍ എന്നു സിപിഎം അവകാശപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തെ ആളുമാറി കേസില്‍ ഉള്‍പ്പെടുത്തിയതാണെന്നും നായനാര്‍ക്ക് കയ്യൂര്സമരത്തില് നേരിട്ടു പങ്കുണ്ടായിരുന്നില്ലെന്നും പ്രമുഖ ചരിത്രകാരന് എ.ശ്രീധരമേനോന് അഭിപ്രായപ്പെട്ടിരുന്നു.
സിപിഎമ്മില്‍നിന്നു പുറത്താക്കപ്പെട്ടശേഷം എം.വി.രാഘവന് 1997 നവംബറില്‍ അന്നത്തെ കോടതി വിധി സംബന്ധിച്ച രേഖകള്‍ പരസ്യപ്പെടുത്തിയപ്പോള്‍ അതില്‍ നായനാരുടെ പേര് ഉണ്ടായിരുന്നില്ല. മാത്രമല്ല 1919 ഡിസംബര്‍ ഒമ്പതിന് ജനിച്ച നായനാര്‍ക്ക് കയ്യൂര്‍ സമരം നടക്കുന്ന 1941 മാര്‍ച്ച് മാസത്തില്‍ 21 വയസുണ്ട് എന്നിരിക്കെ എങ്ങനെയാണ് അദ്ദേഹത്തിന് പ്രായത്തിന്റെ ആനുകൂല്യം കിട്ടുകയെന്നും സിപിഐ നേതാക്കള്‍ ചോദിക്കുന്നു.
കണ്ണൂര്‍ ഫെസ്റ്റില്‍ ഈ വിവാദ ചരിത്രപരാമര്‍ശം വന്നപ്പോള്‍ തന്നെ സിപിഐ പ്രവര്‍ത്തകനും റിട്ട.തഹസില്‍ദാരുമായ രവീന്ദ്രന് മാണിയാട്ട് ജയില്‍ വകുപ്പിന് തെറ്റു തിരുത്തണമെന്നാവശ്യപ്പെട്ട് വിശദമായ കത്തെഴുതിയിരുന്നു. എന്നാല്‍ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റാണ് ഇതു തയാറാക്കിയതെന്നും തങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്നും പറഞ്ഞത് ജയില്‍വകുപ്പ് കൈകഴുകി. പിന്നീട് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിനും കത്തെഴുതിയിരുന്നെങ്കിലും തനിക്കിതുവരെ മറുപടി ലഭിച്ചില്ലെന്ന് രവീന്ദ്രന് മാണിയാട്ട് പറഞ്ഞു. മാത്രമല്ല, ഈ വര്‍ഷം ജനുവരിയില്‍ നടന്ന കയ്യൂര്‍ ഫെസ്റ്റിലും ജയില്‍ വകുപ്പ് ഇതേ പ്രദര്‍ശനം നടത്തിയിരുന്നു. ഫെബ്രുവരി ഏഴിന് ചെറുവത്തൂരില്‍ നടന്ന ചൂരിക്കാടന്‍ അനുസ്മരണസമ്മേളനത്തില്‍ സിപിഐ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി സി.പി.ബാബു ജയില്‍ വകുപ്പ് തെറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ബിജെപിക്കാര്‍ ചരിത്രം തിരുത്തുന്നെന്ന് നാടുനീളെ വിളിച്ചുപറയുന്ന ചരിത്രകാരന്മാര് എന്താണ് നമ്മുടെ കണ്മുന്നില് നടക്കുന്ന ഈ സംഭവം കണ്ടില്ലെന്നു നടക്കുന്നതെന്നും ഒരു സിപിഐക്കാരനായതാണോ ചൂരിക്കാടന്‍ ചെയ്ത കുറ്റമെന്നുമാണ് സിപിഐ പ്രവര്‍ത്തകരുടെ ചോദ്യം.